/kalakaumudi/media/media_files/2025/07/25/hydra-2025-07-25-17-51-54.jpg)
ചെന്നൈ: ഹരിത റെയില്‍ നവീകരണത്തില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ കോച്ച് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐ.സി.എഫ്) വിജയകരമായി പരീക്ഷിച്ചു. പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് എക്‌സില്‍ പങ്കുവച്ചത്. ഇന്ത്യ നിലവില്‍ 1,200 എച്ച്.പി. ശേഷിയുള്ള ഹൈഡ്രജന്‍ ട്രെയിന്‍ വികസിപ്പിക്കുകയാണെന്നും ഇത് ഹൈഡ്രജന്‍ ട്രെയിന്‍ സാങ്കേതികവിദ്യയില്‍ ആഗോള തലത്തില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹൈഡ്രജന്‍ ഊര്‍ജ്ജം റെയില്‍ ഗതാഗതത്തിനായി ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും ഇടംപിടിച്ചു. 'ആദ്യ ഹൈഡ്രജന്‍ പവര്‍ഡ് കോച്ച് ചെന്നൈയിലെ ഐസി എഫില്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യ 1,200 എച്ച്പി ഹൈഡ്രജന്‍ ട്രെയിന്‍ വികസിപ്പിക്കുകയാണ്. ഇത് ഹൈഡ്രജന്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കും' എന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്.
2023-ല്‍, 'ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ്' സംരംഭത്തിന് കീഴില്‍ 35 ഹൈഡ്രജന്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പദ്ധതിയുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചിരുന്നു. ഓരോ ട്രെയിനിനും ഏകദേശം 80 കോടി രൂപയും പൈതൃക, മലയോര റൂട്ടുകളിലെ അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഓരോ റൂട്ടിനും 70 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡി.ഇ.എം.യു) ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളിലേക്ക് മാറ്റുന്നതിനുള്ള 111.83 കോടി രൂപയുടെ പൈലറ്റ് പ്രോജക്ടും ആരംഭിച്ചിട്ടുണ്ട്. ഇത് നോര്‍ത്തേണ്‍ റെയില്‍വേയുടെ ജിന്ദ്-സോനിപത് പാതയില്‍ ഓടും. ഹൈഡ്രജന്‍ ട്രെയിനുകളുടെ പ്രാരംഭ പ്രവര്‍ത്തനച്ചെലവ് കൂടുതലാണെങ്കിലും, കാലക്രമേണ ഇത് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും ഹൈഡ്രജന്‍ ഊര്‍ജ്ജത്തിലൂടെ ഇന്ത്യയുടെ കാര്‍ബണ്‍ രഹിത യാത്രാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.