10,000 കോടി ചെലവില്‍ 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും വെടിവച്ചിടാന്‍ എസ്-400 സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. ആ സമയത്ത് തീര്‍ന്നുപോയ സ്റ്റോക്ക് നികത്താനാണ് പുതിയ നീക്കം

author-image
Biju
New Update
S 400

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് 10,000 കോടി രൂപ ചെലവില്‍ 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ രാജ്യം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിലാണ് ഇതു സംബന്ധിച്ച അനുമതി ലഭിച്ചത്. ഇതില്‍ 120 ഹ്രസ്വദൂര മിസൈലുകളും 168 ദീര്‍ഘദൂര മിസൈലുകളും ഉള്‍പ്പെടുന്നു. ഫാസ്റ്റ് ട്രാക്ക് പ്രൊസീജിയര്‍ വഴിയാണ് ഇവ വാങ്ങുന്നത്. വ്യോമസേനയ്ക്കായി 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ച വിവരം ഇന്നലെ പുറത്തുവന്നിരുന്നു. 

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും വെടിവച്ചിടാന്‍ എസ്-400 സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. ആ സമയത്ത് തീര്‍ന്നുപോയ സ്റ്റോക്ക് നികത്താനാണ് പുതിയ നീക്കം. നിലവില്‍ കരാറൊപ്പിട്ട രണ്ട് എസ്-400 മിസൈലുകള്‍ കൂടി ഈ വര്‍ഷം ജൂണിലും നവംബറിലുമായി ഇന്ത്യയ്ക്ക് ലഭിക്കും. 

ഏകദേശം 3.60 ലക്ഷം കോടി രൂപയുടെ വിവിധ പ്രതിരോധ പദ്ധതികള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍, മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ്, ആന്റി ടാങ്ക് മൈനുകള്‍, പി-8ഐ സമുദ്ര നിരീക്ഷണ വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വാങ്ങുന്ന ഭൂരിഭാഗം യുദ്ധവിമാനങ്ങളും ഇന്ത്യയില്‍ തന്നെയാകും നിര്‍മിക്കുക.