/kalakaumudi/media/media_files/2025/01/09/sTa3NbEeCYSx7qx7clwu.jpg)
കയറ്റുമതി നിരോധനമുണ്ടായിട്ടും 2024ലും ലോക അരി വിപണിയില്‍ ഇന്ത്യ മുന്‍നിരയില്‍ തന്നെയെ റിപ്പോര്‍ട്ട്. ബസുമതി അരി കയറ്റുമതിയിലുണ്ടായ വര്‍ധനയാണ് നേട്ടത്തിന് കാരണം. നിയന്ത്രണമുണ്ടായിട്ടും 2023നെ അപേക്ഷിച്ച് നേരിയ ഇടിവ് മാത്രമാണ് അരിയുടെ കയറ്റുമതി കണക്കില്‍ വന്നിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം കയറ്റുമതി 2024ല്‍ 17.8 ദശലക്ഷം മെട്രിക് ടണ്ണാണ്. 2023ലിത് 17.86 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു. രാജ്യത്ത് അരി ലഭ്യത ഉറപ്പാക്കാനായി ബസുമതി ഒഴികെയുള്ള അരിയുടെ കയറ്റുമതി നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നു. രാജ്യത്ത് ഉത്പാദനം കുറഞ്ഞത് വിലക്കയറ്റത്തിലേക്കും ക്ഷാമത്തിലേക്കും നയിച്ചേക്കുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നായിരുന്നു നീക്കം. എന്നാല്‍ ഈ സമയത്ത് ബസുമതി അരിയുടെ ആവശ്യം ഉയര്‍ന്നതാണ് കയറ്റുമതി കണക്കില്‍ രാജ്യത്തിന് ഗുണമായത്.സൗദി അറേബ്യ, ഇറാഖ്, ഇറാന്‍, യെമന്‍ റിപ്പബ്ലിക്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള ബസ്മതി കയറ്റുമതി കൂടുതലായും നടത്തുന്നത്. ബസ്മതി അരി കയറ്റുമതി കണക്കുകള്‍ പ്രകാരം, ലോകത്തിലെ മൊത്തം ബസ്മതി അരി കയറ്റുമതിയില്‍ 75 ശതമാനത്തിലേറെയും ഇന്ത്യയില്‍ നിന്നാണ്. കൊഴുപ്പ് കുറഞ്ഞതും ഗ്ലൂറ്റന്റെ പൂര്‍ണ്ണമായ അഭാവവും കാരണമാണ് ബസ്മതി ആഗോള വിപണിയില്‍ കൂടുതല്‍ പ്രചാരം നേടിയത്. ബസ്മതി അരിയുടെ ആഗോള വിപണി വലുപ്പം 16,456 ദശലക്ഷം യുഎസ് ഡോളറാണ്. 2028 ഓടെ ഇത് 21,700 ദശലക്ഷം യുഎസ് ഡോളറിലെത്തുമെന്നും കണക്കാക്കപ്പെടുന്നു.