/kalakaumudi/media/media_files/2025/07/23/raf-2025-07-23-15-56-50.jpg)
ന്യുഡല്‍ഹി: 114 മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി ഇന്ത്യ പരിഷ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുദ്ധവിമാനങ്ങള്‍ കുറയുന്ന പ്രതിസന്ധി നേരിടുന്ന വ്യോമസേനയ്ക്ക് ലക്ഷ്യമിട്ടതിലും കുറച്ച് വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയാണ് ഇപ്പോള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.
ഇതിനൊപ്പം റഷ്യയില്‍നിന്നോ യുഎസില്‍നിന്നോ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ഇന്ത്യ വാങ്ങിയേക്കും. ഇന്ത്യയുടെ തദ്ദേശീയ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് ( എഎംസിഎ) യാഥാര്‍ഥ്യമാകുന്നത് വരെ വ്യോമസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റാനുതകുന്ന തരത്തിലുള്ള ആയുധ സംഭരണത്തിനാണ് നീക്കം.
ആഗോള ടെന്‍ഡര്‍ വിളിച്ച് അതില്‍ വിജയിക്കുന്ന കമ്പനിക്ക് യുദ്ധവിമാനത്തിനുള്ള ഓര്‍ഡര്‍ നല്‍കാനാണ് പഴയ പദ്ധതി. ഇതിന് പകരം നേരിട്ട് രാജ്യങ്ങള്‍ തമ്മിലുള്ള- ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ്- ഇടപാടായി യുദ്ധവിമാനങ്ങള്‍ വാങ്ങിയേക്കും. ഇത് മിക്കവാറും റഫാല്‍ വിമാനങ്ങളാകുമെന്നാണ് സൂചന. നിലവില്‍ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്കുണ്ട്. ഇതിനൊപ്പം 60 എണ്ണം കൂടി വരുന്നതോടെ 96 യുദ്ധവിമാനങ്ങളാകും. നിലവിലുള്ള രണ്ട് റഫാല്‍ സ്‌ക്വാഡ്രണ്‍ എന്നത് നാല് സ്‌ക്വാഡ്രണായി ഉയരും.
ഫ്രാന്‍സിലെ ദസ്സൊ ഏവിയേഷന്‍ എന്ന പ്രതിരോധ കമ്പനിയാണ് റഫാലിന്റെ നിര്‍മാതാക്കള്‍. ഇവരില്‍നിന്ന് 60 റഫാല്‍ എഫ്-4 വിമാനങ്ങളാകും വാങ്ങുക. ഇന്ത്യയില്‍ ഒരു അസംബ്ലിലൈന്‍ തുടങ്ങണമെന്ന് ദസ്സൊയോട് ഇന്ത്യ ആവശ്യപ്പെട്ടേക്കും. പെട്ടെന്ന് യുദ്ധവിമാനങ്ങള്‍ സേനയ്ക്ക് ലഭ്യമാക്കുന്നതിന് ഇത് സഹായിക്കും. എന്നാല്‍, 110 എണ്ണമെങ്കിലും ഓര്‍ഡര്‍ ചെയ്താലെ ഇന്ത്യയില്‍ അസംബ്ലി ലൈന്‍ തയ്യാറാക്കുവെന്നും അല്ലെങ്കില്‍ അത് സാമ്പത്തിക നഷ്ടത്തിനിടയാക്കുമെന്നുമാണ് ദസ്സോ മുമ്പ് വ്യക്തമാക്കിയിരുന്നത്.
എഎംസിഎ യാഥാര്‍ഥ്യമാകുന്നത് വരെ കാത്തിരിക്കുന്നത് അപകടമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിദേശത്ത് നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്. ഇതിലൂടെ ഇത്തരം വിമാനങ്ങളിലുള്ള പ്രവര്‍ത്തന പരിചയം വ്യോമസേന പൈലറ്റുമാര്‍ക്ക് ലഭിക്കും. അത് എഎംസിഎയുടെ ഫലപ്രദമായ ഉപയോഗത്തിന് വഴിതെളിയിക്കുമെന്നും കരുതപ്പെടുന്നു. എന്നാല്‍, ഏത് രാജ്യത്തുനിന്ന് അഞ്ചാം തലമുറ വിമാനം വാങ്ങുമെന്ന് വ്യക്തമല്ല. നിലവില്‍ ഇന്ത്യയ്ക്ക് റഷ്യയില്‍നിന്നോ യുഎസില്‍നിന്നോ മാത്രമേ ആ വിമാനങ്ങള്‍ ലഭിക്കു. യു.എസ് തങ്ങളുടെ എഫ്-35 നല്‍കാമെന്നും റഷ്യ എസ്.യു-57 ഇ നല്‍കാമെന്നുമാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഇതിലേത് വേണമെന്ന് തീരുമാനമായിട്ടില്ല.
ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഎംസിഎ 2030-ലേ സേനയുടെ ഭാഗമായി തുടങ്ങുവെന്നാണ് വിലയിരുത്തുന്നത്. അതുവരെയുള്ള ഭീഷണികളെ നേരിടേണ്ടതുണ്ട്. റഫാല്‍ 4.5 തലമുറ യുദ്ധവിമാനമാണ്. ഇന്ത്യയുടെ സ്വന്തം തേജസ് നാലാം തലമുറ യുദ്ധവിമാനമാണ്. തേജസിന്റെ എംകെ 1എ, എംകെ2 എന്നീ പതിപ്പുകളായി ആകെ 337 യുദ്ധവിമാനങ്ങളാണ് വ്യോമസേനയിലേക്ക് എത്തുക. 120 എഎംസിഎയും ഭാവിയില്‍ വാങ്ങും. വൈവിധ്യമാര്‍ന്ന യുദ്ധവിമാനങ്ങളുടെ ഉപയോഗം വ്യോമസേനയെ കൂടുതല്‍ പ്രൊഫഷണലാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.