Prime Minister Narendra Modi and Bangladesh's PM Sheikh Hasina release the joint statement, at the Hyderabad House in New Delhi
ന്യൂഡൽഹി: ടീസ്റ്റ നദിയുടെ പരിപാലനത്തിനും സംരക്ഷണത്തിനും ബം​ഗ്ലാദേശിന് സഹായഹസ്തവുമായി ഇന്ത്യ.ന്യൂഡൽഹിയിൽ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രപ്രധാനമായ പ്രഖ്യാപനം.ടീസ്റ്റ നദിതട വികസനത്തിൽ പങ്കാളികളാകാൻ താൽപര്യം അറിയിച്ച് ചൈന രം​ഗത്തെത്തിയിരുന്നു.
എന്നാൽ ബം​ഗ്ലാദേശ് ഇതിന് അനുകൂലമായി പ്രതീകരിച്ചില്ല. ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടാനുള്ള തന്ത്രപരമായ നീക്കമായാണ് ഇന്ത്യയുടെ പ്രഖ്യാപനത്തെ വിലയിരുത്തുന്നത്.കൂടാതെ ടീസ്റ്റ പദ്ധതിയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിന് മേലുള്ള ചൈനയുടെ സമ്മർദ്ദത്തെ ചെറുക്കാനും ഇതിലൂടെ ഇന്ത്യയ്ക്ക് സാധിച്ചു.
വടക്കൻ സിക്കിമിൽ ഉത്ഭവിച്ച് ബം​ഗ്ലാദേശിലൂടെ ഒഴുകി ബ്രഹ്മപുത്രയുമായി ലയിക്കുന്ന നദിയാണ് ടീസ്റ്റ.അതിനാൽ ചൈനയുടെ അധിക ഇടപെടൽ മേഖയിൽ ഇന്ത്യ ആ​ഗ്രഹിക്കുന്നില്ലെന്നതാണ് സത്യം.ജലസേചനത്തിനും ജലവൈദ്യുതിക്കുമുള്ള സുപ്രധാന ജലസ്രോതസ്സ് കൂടിയാണിത്. പദ്ധതിക്ക് കീഴിൽ, ടീസ്റ്റ നദീജലം കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമായി വലിയ ജലസംഭരണികളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നിർമാണവും വിഭാവനം ചെയ്തിട്ടുണ്ട്. ഒരു ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.
ടീസ്റ്റ നദിജല കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ​കാലങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. 2011 സെപ്റ്റംബറിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ബംഗ്ലാദേശ് സന്ദർശന വേളയിൽ കരാർ ഒപ്പിടാൻ തീരുമാനിച്ചിരുന്നുവെങ്കിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ എതിർപ്പിനെത്തുടർന്ന് അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. ടീസ്റ്റ പദ്ധതിക്ക് പുറമേ 1996 ലെ ഗംഗാജലം പങ്കിടൽ ഉടമ്പടി പുതുക്കുന്നതിനായി ഒരു സംയുക്ത സാങ്കേതിക സമിതി രൂപീകരിക്കുമെന്നും ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.
ബം​ഗ്ലാദേശിലെ മോ​ഗ്ലാ തുറമുഖം ഏറ്റെടുക്കാനുള്ള നീക്കവും ഇന്ത്യ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ നിയന്ത്രണം ലക്ഷ്യമിട്ട് മോം​ഗ്ല സ്വന്തമാക്കാൻ ചൈന കാലങ്ങളായി ശ്രമം നടത്തുന്നുണ്ട്. മോംഗ്ല തുറമുഖം കൂടി ഭാരതത്തിന്റെ കൈയിൽ എത്തുന്നത് ചൈനയുടെ ദക്ഷിണേഷ്യൻ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാകും.