206 നൂതന സാങ്കേതികവിദ്യകളടങ്ങിയ അപ്പാച്ചെ ഇനി ഇന്ത്യന്‍ സേനയുടെ ഭാഗം

2020-ല്‍ യുഎസുമായി ഒപ്പുവെച്ച 600 മില്യണ്‍ ഡോളറിന്റെ കരാറിന്റെ ഭാഗമായി, 2024 മെയ്-ജൂണ്‍ മാസത്തോടെ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ഇന്ത്യക്ക് കൈമാറേണ്ടതായിരുന്നു. എന്നാല്‍ സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു

author-image
Biju
New Update
appache 3

ന്യൂഡല്‍ഹി: യുഎസില്‍ നിന്നുള്ള ആധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യ ഏറ്റുവാങ്ങി. ഗാസിയാബാദിലെ ഹിന്‍ഡോണ്‍ എയര്‍ബേസിലാണ് അവസാന ബാച്ചിലെ മൂന്ന് ഹെലികോപ്റ്ററുകള്‍ പറന്നിറങ്ങിയത്. ഇതോടെ രാജസ്ഥാനിലെ ജോധ്പുരിലുള്ള 451 ആര്‍മി ഏവിയേഷന്‍ സ്‌ക്വാഡ്രണിലേക്കുള്ള മുഴുവന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകളും എത്തിക്കഴിഞ്ഞു.

2020-ല്‍ യുഎസുമായി ഒപ്പുവെച്ച 600 മില്യണ്‍ ഡോളറിന്റെ കരാറിന്റെ ഭാഗമായി, 2024 മെയ്-ജൂണ്‍ മാസത്തോടെ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ഇന്ത്യക്ക് കൈമാറേണ്ടതായിരുന്നു. എന്നാല്‍ സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു. ഓടുവില്‍ ആദ്യ ബാച്ചിലെ മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ 2025 ജൂലായില്‍ ഇന്ത്യയില്‍ എത്തിച്ചു. ചൊവ്വാഴ്ച അവസാന ബാച്ചുമെത്തി.

പാകിസ്താനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വിന്യസിക്കുന്നത്. 206 നൂതന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന എഎച്ച്-64 അപ്പാച്ചെ ആക്രമണത്തിനും രഹസ്യാന്വേഷണത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ കണക്റ്റിവിറ്റി, ജോയിന്റ് ടാക്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം, മെച്ചപ്പെടുത്തിയ റോടര്‍ ബ്ലേഡുകള്‍, റിയല്‍ ടൈമില്‍ ഡ്രോണുകള്‍ നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ അപ്പാച്ചയെ വ്യത്യസ്തമാക്കുന്നു.