ഇറാന്‍ ബന്ധമുള്ള 3 എണ്ണക്കപ്പലുകള്‍ മുംബൈ തീരത്ത്; കസ്റ്റഡിയില്‍ എടുത്തു

മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ കപ്പലുകളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തടയുകയായിരുന്നു. യു.എസ്. ഉപരോധം മറികടക്കാന്‍ ഇറാന്‍ ഉപയോഗിക്കുന്ന കപ്പലുകളാണിതെന്നാണ് കരുതപ്പെടുന്നത്.

author-image
Biju
New Update
notical

മുംബൈ: യു.എസ്. ഉപരോധം ലംഘിച്ച് നിയമവിരുദ്ധമായി ഇന്ധനക്കടത്ത് നടത്തിയ മൂന്ന് എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ അധികൃതര്‍ പിടിച്ചെടുത്തു. ഇറാനുമായി ബന്ധമുള്ള ഈ കപ്പലുകള്‍ മുംബൈ തീരത്തുനിന്നാണ് പിടികൂടിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റെല്ലാര്‍ റൂബി, അസ്ഫാല്‍റ്റ് സ്റ്റാര്‍, അല്‍ ജഫ്സിയ എന്നീ മൂന്ന് കപ്പലുകളാണ് പിടിച്ചെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി ഇവയെ മുംബൈ തുറമുഖത്തേക്ക് മാറ്റി.

മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ കപ്പലുകളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തടയുകയായിരുന്നു. യു.എസ്. ഉപരോധം മറികടക്കാന്‍ ഇറാന്‍ ഉപയോഗിക്കുന്ന കപ്പലുകളാണിതെന്നാണ് കരുതപ്പെടുന്നത്. ഈ കപ്പലുകള്‍ പലപ്പോഴും തങ്ങളുടെ പേരും ഐഡന്റിറ്റിയും മാറ്റിയാണ് കടല്‍വഴി സഞ്ചരിക്കുക. കടലില്‍വെച്ച് ഒരു കപ്പലില്‍നിന്ന് മറ്റൊന്നിലേക്ക് എണ്ണ മാറ്റിനിറച്ച് എണ്ണയുടെ ഉറവിടം മറച്ചുവയ്ക്കാനാണ് ഇവര്‍ ശ്രമിച്ചിരുന്നത്.

പിടിച്ചെടുത്ത കപ്പലുകളില്‍ അല്‍ ജഫ്സിയ 2025-ല്‍ ഇറാനില്‍നിന്ന് ജിബൂട്ടിയിലേക്ക് എണ്ണ കടത്തിയതായി രേഖകളുണ്ട്. ഇറാന്റെ പതാകയുള്ള കപ്പലാണ് സ്റ്റെല്ലാര്‍ റൂബി. അസ്ഫാല്‍റ്റ് സ്റ്റാര്‍, പ്രധാനമായും ചൈനീസ് മേഖലയിലാണ് സര്‍വീസ് നടത്തിയിരുന്നത്. അതേസമയം പിടിച്ചെടുത്ത കപ്പലുകള്‍ക്കോ അതിലെ എണ്ണയ്ക്കോ തങ്ങളുമായി ബന്ധമില്ലെന്ന് ഇറാനിയന്‍ ദേശീയ എണ്ണ കമ്പനി വ്യക്തമാക്കി.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തി നിയമവിരുദ്ധമായ ഇത്തരം ഇടപാടുകള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നതാണ് കേന്ദ്ര നിലപാട്. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ നിരീക്ഷണം കടുപ്പിച്ചു. 55 കപ്പലുകളും പന്ത്രണ്ടോളം വിമാനങ്ങളും നിരീക്ഷണത്തിനായുണ്ട്.