ബംഗ്ലാദേശ് വിഷയത്തില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: പ്രിയങ്ക

1971-ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃപാടവം ഓര്‍മിപ്പിച്ച പ്രിയങ്ക ഇന്ന് ബംഗ്ലാദേശില്‍ വീണ്ടും പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരും മൗനം പാലിക്കുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു

author-image
Prana
New Update
priyanka loksabha

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. ലോക്‌സഭയില്‍ പ്രസംഗിക്കവേ 1971-ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃപാടവം ഓര്‍മിപ്പിച്ച പ്രിയങ്ക ഇന്ന് ബംഗ്ലാദേശില്‍ വീണ്ടും പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരും മൗനം പാലിക്കുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ബംഗ്ലാദേശില്‍ പാവപ്പെട്ട ജനങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെടുകയാണ്. നമ്മള്‍ ഈ വിഷയത്തില്‍ നിലപാടെടുക്കണമെന്നും പ്രിയങ്ക പറഞ്ഞു. 
ബംഗ്ലാദേശ് വിജയദിവസ് ഇത്തവണ ആഘോഷിക്കാത്തതിനെ പ്രിയങ്ക ചോദ്യം ചെയ്തു. ലോക്‌സഭയില്‍ ഇതു സംബന്ധിച്ച് സംസാരിക്കവേ പ്രിയങ്ക ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കി. പാക് സൈന്യം കീഴടങ്ങുന്ന ചിത്രം പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് നീക്കം ചെയ്തതായി ചൂണ്ടിക്കാട്ടിയ പ്രിയങ്ക ഗാന്ധി ഇത് യുദ്ധത്തില്‍ മരിച്ച സൈനികരെ അപമാനിക്കുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും ബംഗ്ലാദേശ് വിജയദിവസ് ആഘോഷിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം സര്‍ക്കാര്‍ ഇക്കാര്യം പാര്‍ലമെന്റില്‍ പരാമര്‍ശിക്കാന്‍ പോലും കൂട്ടാക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
പ്രിയങ്കാ ഗാന്ധി ബംഗ്ലാദേശ് വിഷയത്തില്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃപാടവം ഓര്‍മിപ്പിക്കുകയും ചെയ്തു. ലോകത്തുള്ള എല്ലാ രാജ്യങ്ങളും ബംഗ്ലാദേശിന് നേരെ കണ്ണടച്ചപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് ഇന്ത്യക്ക് യുദ്ധത്തിനിറങ്ങാനും വിജയം വരിക്കാനും കഴിഞ്ഞതെന്നു പ്രിയങ്ക പറഞ്ഞു. ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പ്രിയങ്കയുടെ മൈക്ക് ഓഫ് ചെയ്തത്. ഇതോടെ സഭയില്‍ ബഹളം തുടങ്ങി. 
'1971ല്‍ ബംഗ്ലാദേശില്‍ കൂട്ടക്കൊല നടക്കുന്ന സമയം ഇന്ത്യ മാത്രമാണ് അതിനെതിരെ പോരാടാന്‍ തയ്യാറായത്. ലോകം മുഴുവന്‍ ഈ സംഭവത്തിനുനേരെ കണ്ണടച്ചു, എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചു. രാജ്യം മുഴുവന്‍ പ്രധാനമന്ത്രിക്കൊപ്പം നിന്നു. നമ്മള്‍ യുദ്ധത്തില്‍ വിജയിക്കുക തന്നെ ചെയ്തു. പാകിസ്താന്‍ പട്ടാളം ഇന്ത്യന്‍ പട്ടാളക്കാര്‍ക്കുമുന്നില്‍ കീഴടങ്ങുന്ന ഒരു ചിത്രം പ്രതിരോധ മന്ത്രാലയത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് അവിടെ ഇല്ല. ഇത്, ആ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച സൈനികരെ അപമാനിക്കുന്നതിന് തുല്യമാണ്', പ്രിയങ്ക പറഞ്ഞു.
'ഇപ്പോഴും ബംഗ്ലാദേശില്‍ പ്രശ്‌നങ്ങള്‍ നടക്കുകയാണ്. പാവപ്പെട്ട ജനങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെടുകയാണ്. എന്നാല്‍ പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരും മൗനം പാലിക്കുകയാണ്. അത് പാടില്ല, നമ്മള്‍ ഈ വിഷയത്തില്‍ നിലപാടെടുക്കണം. മാത്രമല്ല, പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും നീക്കം ചെയ്ത ആ വിജയചിത്രം അവിടെ പുനഃസ്ഥാപിക്കണം', പ്രിയങ്ക സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രിയങ്ക സംസാരിക്കുന്നതിനിടെ മൂന്ന് തവണ അവരുടെ മൈക്ക് ഓഫ് ചെയ്യപ്പെട്ടു. ഇതിനുപിന്നാലെ കോണ്‍ഗ്രസ് സഭയില്‍ വലിയ പ്രതിഷേധമുയര്‍ത്തുകയും ഇറങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധ പ്രകടനവും നടത്തി.

priyanka gandhi bangladesh india modi government