/kalakaumudi/media/media_files/2025/08/21/agni5-2025-08-21-11-00-52.jpg)
ന്യൂഡല്‍ഹി : ഇന്ത്യന്‍ ആയുധശ്രേണിയിലെ ഏറ്റവും പുതിയ ആയുധം 'അഗ്‌നി 5' ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. വിക്ഷേപണം എല്ലാ പ്രവര്‍ത്തനപരവും സാങ്കേതികവുമായ മാനദണ്ഡങ്ങള്‍ പാലിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര, ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് അഗ്‌നി-5. ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ അഗ്‌നി പരമ്പരയിലെ ഏറ്റവും നൂതനമായ മിസൈലാണിത്. ആധുനിക നാവിഗേഷന്‍, മാര്‍ഗ്ഗനിര്‍ദ്ദേശം, വാര്‍ഹെഡ്, എഞ്ചിന്‍ സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ചാണ് 'അഗ്‌നി 5' ബാലിസ്റ്റിക് മിസൈല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ആണവ ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന അഗ്‌നി 5 മിസൈലിന് 5,000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്. സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെ ആഭിമുഖ്യത്തിലാണ് അഗ്‌നി 5 പരീക്ഷണ വിക്ഷേപണം നടത്തിയത്. അടുത്തതായി അഗ്‌നി-5 മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളിലാണ് ഡിആര്‍ഡിഒ. മൂന്ന് പോര്‍മുനകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന അഗ്‌നി-5 മധ്യദൂര ബാലിസ്റ്റിക് മിസൈലിന്റെ ദൂരപരിധി 7,500 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കുന്നതാണ്.