/kalakaumudi/media/media_files/2025/03/20/wqoifOTcugsn8rWMPqRp.jpg)
ചെന്നൈ: ഇന്ത്യയുടെ ശൂന്യാകാശ പര്യവേഷണത്തില്‍ ആവേശകരമായ വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍. 2035ല്‍ ഇന്ത്യ സ്വന്തമായ ബഹിരാകാശ നിലയം ഉണ്ടാക്കും. 2040ല്‍ ഭാരതീയര്‍ ചന്ദ്രനില്‍ ഇറങ്ങുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.വി.നാരായണന്‍ വ്യക്തമാക്കി.
2035ല്‍ ല്‍ ജപ്പാന്‍ ഇന്ത്യ സംയുക്ത പദ്ധതിയായ ചന്ദ്രയാന്‍ 5ന്റെ വിക്ഷേപണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി അദ്ദേഹം വെളിപ്പെടുത്തി. ചന്ദ്രോപരിതലത്തില്‍ 350 കിഗ്രാം ഭാരമുള്ള റോവര്‍ എത്തിക്കുക എന്നതാണ് ചന്ദ്രയാന്‍ 5 ന്റെ ദൌത്യം. 2035ല്‍ ഇന്ത്യയുടെ അഭിമാന പദ്ധതിയായ സ്വന്തം ബഹിരാകാശ നിലയവും പൂര്‍ത്തിയാക്കും. അതോടൊപ്പം ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി കുലശേഖരപട്ടണത്ത് പുതിയ വിക്ഷേപണകേന്ദ്രം സ്ഥാപിക്കും. പുതിയ ചെയര്‍മാനായി സ്ഥാനമേറ്റതിന് ശേഷം ചെന്നൈയില്‍ നല്‍കിയ സ്വീകരണത്തിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തിയത്.
2040 ഓടെ ഭാരതീയര്‍ ചന്ദ്രനില്‍ കാലുകുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ട് പദ്ധതികളും ആസൂത്രണം ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തപരമായ ഇടപെടലുകളും ഐഎസ്ആര്‍ഒ യ്ക്ക് നല്‍കിയ കുതിപ്പിനെ അദ്ദേഹം പ്രശംസിച്ചു.
ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ശേഷം 131 ഉപഗ്രഹ വിക്ഷേപണങ്ങളാണ് ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയത്. ചന്ദ്രയാന്‍ 2 വേണ്ടത്ര വിജയം കണ്ടില്ലെങ്കിലും മനോവീര്യം നഷ്ടപ്പെടാതെ മറ്റെല്ലാം പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണയെ അദ്ദേഹം എടുത്തു പറഞ്ഞു.
ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ എന്ന പേരില്‍ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതോടെ ഭാവിയിലുള്ള എല്ലാ പര്യവേഷണങ്ങള്‍ക്കും നമ്മള്‍ സ്വയം പര്യാപ്തരാകും. അതോടു കൂടി ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് പര്യവേഷണങ്ങള്‍ എളുപ്പമാകും.
കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ മറ്റു രാജ്യങ്ങളുടേത് ഉള്‍പ്പെടെ 433 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ഇതില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത 93 ശതമാനം വിജയനിരക്കുമുണ്ട്. അമേരിക്കയും ബ്രിട്ടനും സിംഗപ്പൂരും ഇസ്രയേലും ഉള്‍പ്പെടെയുള്ള അവരുടെ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വഴി വിക്ഷേപണം ചെയ്യുന്നുണ്ട്. ചാന്ദ്ര പദ്ധതികളോടൊപ്പം സൂര്യനെ പറ്റി പഠിക്കാനുള്ള സൌര ഗവേഷണ പദ്ധതികളും ഭാരതത്തില്‍ പുരോഗമിക്കുകയാണ്.
സൗര ഗവേഷണത്തിന് മാത്രമായി ഒരു ഉപഗ്രഹം വിക്ഷേപിച്ചതോടെ സൌര ഗവേഷണത്തില്‍ ലോകത്തെ വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. ഫെബ്രുവരിയില്‍ തറക്കില്ലിട്ട കുലശേഖപട്ടണത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
ഇത് പൂര്‍ത്തായാകുന്നതോടെ ഇന്ത്യയുടെ ചെറു ഉപഗ്രഹ വിക്ഷേപണങ്ങള്‍ അവിടെ നിന്നാകും. ഇതോടെ ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയില്‍ ഇന്ത്യ മുന്‍നിരയിലേക്ക് എത്തപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.