ഇന്ത്യ-യുഎസ് വ്യാപാര കരാര്‍; കരട് തയ്യാറാക്കുന്ന പ്രക്രിയയ്ക്ക് തുടക്കം

ഈ മാസം ആദ്യം വാഷിങ്ടണ്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ സംഘം നടത്തിയ ചര്‍ച്ചകളിലെ ധാരണയുടെ പശ്ചാത്തലത്തിലാണ് നടപടികള്‍ ആരംഭിച്ചതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു

author-image
Biju
New Update
karar

ന്യൂഡല്‍ഹി: ഇന്ത്യ - യുഎസ് വ്യാപാര കരാറിന്റെ കരട് തയ്യാറാക്കല്‍ പ്രക്രിയ ആരംഭിച്ചതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം ആദ്യം വാഷിങ്ടണ്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ സംഘം നടത്തിയ ചര്‍ച്ചകളിലെ ധാരണയുടെ പശ്ചാത്തലത്തിലാണ് നടപടികള്‍ ആരംഭിച്ചതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും കരാറിന്റെ ഭാഷയും വ്യവസ്ഥകളും രൂപപ്പെടുത്തുന്നതിലാണ് ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുഎസ് പ്രതിനിധി സംഘം ഉടന്‍ ഇന്ത്യയിലെത്തിയേക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. നീതിയുക്തവും തുല്യവുമായ കരാറില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജര്‍മനി സന്ദര്‍ശനത്തിനിടെ പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

ഇന്ത്യ ഒരിക്കലും തിടുക്കത്തിലോ ബാഹ്യ സമ്മര്‍ദ്ദം മൂലമോ കരാറുകള്‍ക്കായി ചര്‍ച്ച നടത്തില്ല. ദേശീയ താല്‍പ്പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഒരു വ്യാപാര കരാറിനെ ദീര്‍ഘകാല വീക്ഷണത്തോടെ കാണണം. ഉയര്‍ന്ന താരിഫുകള്‍ നേരിടാന്‍ ഇന്ത്യ പുതിയ വിപണികള്‍ നോക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.