ഇന്ത്യ-യുഎസ് വ്യാപാര കരാര്‍; ലക്ഷ്യം 50,000 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരം

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകും. വര്‍ഷം 270 കോടി ഡോളറിന്റേതാണ് (24,300 കോടി രൂപ) സമുദ്രോത്പന്ന കയറ്റുമതി. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ചെമ്മീന്‍ കയറ്റുമതിയാണ് ഇതില്‍ പ്രധാനം

author-image
Biju
New Update
modi and trump

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ച ഇടക്കാല വ്യാപാര ചട്ടക്കൂടനുസരിച്ച് തൊഴില്‍കേന്ദ്രിത വ്യവസായങ്ങള്‍ ഉള്‍പ്പെടെ കയറ്റുമതിരംഗത്ത് ഒട്ടേറെ മേഖലകള്‍ക്ക് വലിയ കരുത്തായി മാറും. വജ്രം, നിറമുള്ള രത്നക്കല്ലുകള്‍, ആഭരണം, സമുദ്രോത്പന്നങ്ങള്‍, തുണി-വസ്ത്ര വ്യവസായം, വിമാനം, വ്യോമയാന ഘടകങ്ങള്‍, ഡിജിറ്റല്‍ വ്യാപാരം, സാങ്കേതികവിദ്യകള്‍, വാഹന ഘടകങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. അഞ്ചുവര്‍ഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. അതായത്, ഏകദേശം 45.29 ലക്ഷം കോടി രൂപ. വിപണികള്‍ പരസ്പരം തുറന്നുകൊടുത്ത്, തീരുവകളില്‍ ഇളവുകള്‍ നല്‍കി, സുപ്രധാന മേഖലകളില്‍ സുരക്ഷയൊരുക്കിയുള്ളതാണ് കരാറെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

അമേരിക്ക തീരുവ ഉയര്‍ത്തിയതുവഴി കടുത്ത പ്രതിസന്ധിയിലായിരുന്നു. വജ്ര-ആഭരണ നിര്‍മാണരംഗത്തെ എട്ടുലക്ഷത്തോളം പേരുടെ തൊഴില്‍ സംരക്ഷിക്കാന്‍ തീരുവ കുറയുന്നത് ഗുണകരമാകും. ഏറ്റവും വലിയ കയറ്റുമതിവിപണിയെന്ന നിലയില്‍ അമേരിക്കയുടെ തീരുവ ഈ മേഖലയ്ക്ക് നിര്‍ണായകമാണ്. അമേരിക്കയിലേക്ക് വര്‍ഷം 997 കോടി ഡോളറിന്റെ (90,000 കോടി രൂപ) കയറ്റുമതി നടക്കുന്നു. ഉയര്‍ന്നതീരുവയില്‍ നഷ്ടമായ വിപണി വീണ്ടെടുക്കാനായാല്‍ ഈ മേഖലയില്‍ വലിയ കുതിപ്പാകും വരാനിരിക്കുന്നത്.

അമേരിക്ക തീരുവ വര്‍ധിപ്പിച്ചതിനുശേഷം തിരുപ്പൂരിലെ വസ്ത്രനിര്‍മാണമേഖലയില്‍ 15,000 -20,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാറിനു തൊട്ടുപിന്നാലെയാണ് അമേരിക്കയുമായും ഇന്ത്യ ധാരണയിലെത്തുന്നത്. ഇത് വസ്ത്രമേഖലയിലെ കയറ്റുമതി ഇരട്ടയക്കത്തില്‍ വളരാന്‍ സഹായകമാകുമെന്നാണ് മേഖലയുടെ പ്രതീക്ഷ. 2030-ഓടെ ഇന്ത്യയിലെ വസ്ത്രക്കയറ്റുമതി 10,000 കോടി ഡോളറിലെത്തിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നിലവിലിത് 3770 കോടി ഡോളറാണ്.

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകും. വര്‍ഷം 270 കോടി ഡോളറിന്റേതാണ് (24,300 കോടി രൂപ) സമുദ്രോത്പന്ന കയറ്റുമതി. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ചെമ്മീന്‍ കയറ്റുമതിയാണ് ഇതില്‍ പ്രധാനം. മത്സ്യത്തൊഴിലാളികള്‍, മീന്‍വളര്‍ത്തുന്നവര്‍, സംസ്‌കരിക്കുന്നവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വലിയൊരുവിഭാഗം തൊഴിലെടുക്കുന്ന മേഖല. അമേരിക്ക 50 ശതമാനം തീരുവ കൊണ്ടുവന്നതോടെ പുതിയ വിപണി കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കിയിരുന്നു. ചൈന, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്‍പ്പെടെ പുതിയ വിപണി കണ്ടെത്താനായി. ഇപ്പോള്‍ അമേരിക്കയുടെ തീരുവ 18 ശതമാനമാകുന്നത് മേഖലയ്ക്ക് ഇരട്ടി നേട്ടമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വിമാനത്തിനും വിമാനഘടകങ്ങള്‍ക്കും സുരക്ഷാകാരണങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന തീരുവ ഒഴിവാകും. ഇത് ഇന്ത്യയിലെ വിമാനഘടക നിര്‍മാണക്കമ്പനികള്‍ക്ക് നേട്ടമാകും. വിമാന നിര്‍മാണത്തിനാവശ്യമായ അലുമിനിയം, ഉരുക്ക്, ചെമ്പുപയോഗിച്ചുള്ള ഘടകങ്ങള്‍ എന്നിവയ്ക്ക് വിപണിയില്‍ കൂടുതല്‍ മത്സരക്ഷമമാകുന്നതിനും കരാറിലെ നീക്കുപോക്കുകള്‍ സഹായകമാകും. നേരത്തേ സുരക്ഷാ കാരണങ്ങളുടെപേരില്‍ ഇന്ത്യന്‍ ഘടകങ്ങള്‍ക്ക് അമേരിക്കയില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതിലും ഇളവുകള്‍ കരാറിന്റെ ഭാഗമായുള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റ്, ഡേറ്റ സെന്റര്‍ ഘടകങ്ങള്‍ എന്നിവയ്ക്കുള്ള സാങ്കേതികഘടകങ്ങള്‍ ഇന്ത്യക്കു നല്‍കാന്‍ അമേരിക്ക തയ്യാറാകുന്നു. ഇത് ഈ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കും. കൂടുതല്‍ നിക്ഷേപവുമെത്തും. ഇന്ത്യയിലെ ഐ.ടി. ഹാര്‍ഡ്?വെയര്‍ മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാനും ഡിജിറ്റല്‍ വ്യാപാര ചട്ടങ്ങള്‍ ശക്തിപ്പെടുത്താനും ഇതു സഹായിച്ചേക്കും.

ഇന്ത്യയില്‍നിന്നുള്ള വാഹനഘടകങ്ങള്‍ക്ക് മുന്‍ഗണനാടിസ്ഥാത്തില്‍ തീരുവ നിരക്ക് ക്വാട്ട അനുവദിച്ചു. നേരത്തേ അമേരിക്കയുടെ ദേശീയസുരക്ഷാ തീരുവയാണ് അടിസ്ഥാനമായിരുന്നത്. ഇത് ഇന്ത്യയിലെ വാഹന ഘടകനിര്‍മാതാക്കള്‍ക്ക് അമേരിക്കയില്‍ വ്യാപാരം വിപുലമാക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഗ്രാമീണ കര്‍ഷകര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും കരാര്‍ പരിപൂര്‍ണസംരക്ഷണം ഉറപ്പാക്കുന്നുവെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ നികുതിയിളവ് ലഭിക്കുന്ന അമേരിക്കന്‍ കാര്‍ഷികോത്പന്നങ്ങളുടെ കൂട്ടത്തില്‍ പറയുന്ന 'അധിക ഉത്പന്നങ്ങള്‍' ഏതെന്നതില്‍ ആശങ്കയുണ്ട്.

ചോളത്തില്‍നിന്നുള്ള അവശിഷ്ട ഉത്പന്നങ്ങളുംമറ്റും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് വലിയ ഭീഷണിയാവില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോഴും അതിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ 'അധിക ഉത്പന്നങ്ങള്‍' ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുടെ വിവിധ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകിട്ടുമെന്ന് യു.എസ്. നേരത്തേ അവകാശപ്പെട്ടിരുന്നു.

ചോളത്തില്‍നിന്ന് എഥനോള്‍ നിര്‍മിച്ചശേഷം പുറത്തുകളയുന്ന ഉപോത്പന്നമാണ് ഡി.ഡി.ജി.എസ്. ചോളം, അരി മുതലായവയുടെ അന്നജം പുളിപ്പിച്ച് എഥനോള്‍ ഉത്പാദിപ്പിച്ചശേഷം സംസ്‌കരിച്ച് വേര്‍തിരിച്ചെടുക്കുന്ന അവശിഷ്ടങ്ങള്‍ ഉണക്കി അവയില്‍നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളില്‍ ധാരാളം മാംസ്യം അടങ്ങിയിട്ടുണ്ടാകും. സോയാബീന്‍, കടല, പരുത്തിക്കുരു, കടുക്, നെല്ല് മുതലായവയില്‍നിന്ന് എണ്ണ വേര്‍തിരിച്ചുമാറ്റിയശേഷം ഉണക്കിയെടുക്കുന്ന പിണ്ണാക്കും പൗള്‍ട്രി കര്‍ഷകരുടെ ആശ്രയമാണ്. സോയാബീന്‍ പിണ്ണാക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഡി.ഡി.ജി.എസ്. ഉത്പന്നങ്ങള്‍ ലഭിക്കും എന്നതിനാല്‍ ഇറക്കുമതി പൗള്‍ട്രിമേഖലയില്‍ ഗുണംചെയ്യുമെന്നും വാദമുണ്ട്.