/kalakaumudi/media/media_files/2025/11/23/modi-2025-11-23-20-29-37.jpg)
ന്യൂഡല്‍ഹി: അന്തരിച്ച അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. എപ്സ്റ്റീന്റെ സ്വാധീനവലയത്തിലുണ്ടായിരുന്ന കരുത്തരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവിട്ടത്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉള്‍പ്പെട്ടത് പ്രതിപക്ഷം വിമര്‍ശനായുധമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്ന ഇമെയില്‍ സന്ദേശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടുവെന്നും എന്നാല്‍ ഇത് തികച്ചും അടിസ്ഥാനരഹിതമായ ജല്പനങ്ങളാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി 2017 ജൂലൈയില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു എന്നതൊഴിച്ചാല്‍, ഫയലുകളിലെ മറ്റ് സൂചനകള്‍ ഒരു കുറ്റവാളിയുടെ വെറും പാഴ്വാക്കുകള്‍ മാത്രമാണെന്നും അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വക്താവ് രണ്‍ധീര്‍ സിങ് ജയ്സ്വാള്‍ അറിയിച്ചു.
ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതൊരു 'ദേശീയ അപമാനമാണെന്ന്' വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര, എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ച പ്രധാനമന്ത്രി ഇസ്രായേലില്‍ വെച്ച് യുഎസ് പ്രസിഡന്റിന് ഗുണകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ഇതിന് പിന്നാലെ 'IT WORKED!' എന്ന് എപ്സ്റ്റീന്‍ എഴുതിയതായും ആരോപിച്ചു. പ്രധാനമന്ത്രിയും ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്ന് ഈ രേഖകള്‍ സൂചിപ്പിക്കുന്നുവെന്നും, ഇത് നയതന്ത്രപരമായ മര്യാദകളെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീനില്‍ നിന്ന് എന്ത് ഉപദേശമാണ് തേടിയതെന്നും 'IT WORKED!' എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നും വ്യക്തമാക്കണമെന്ന് ഖേര ആവശ്യപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
