/kalakaumudi/media/media_files/2025/11/22/kashmir-3-2025-11-22-09-42-30.jpg)
ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് ആയുധങ്ങള്‍ കണ്ടെടുത്ത് സൈന്യം. കുപ്വാര ജില്ലയിലെ ഹന്ദ്വാര-നൗഗാം സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് (എല്‍ഒസി) സമീപമാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. എം4 അസോള്‍ട്ട് റൈഫിളുകള്‍ മുതല്‍ ഗ്രനേഡുകള്‍ വരെയുള്ള നിരവധി ആയുധങ്ങളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. വലിയൊരു ഭീകരാക്രമണ ഗൂഢാലോചനയാണ് ഓപ്പറേഷനിലൂടെ സൈന്യം തകര്‍ത്തത്.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഹന്ദ്വാര പൊലീസും കരസേനയുടെ നൗഗം ബ്രിഗേഡും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. നീരിയന്‍ വനമേഖലയില്‍ നടത്തിയ നീണ്ട തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഓപ്പറേഷനില്‍ അസോള്‍ട്ട് റൈഫിളുകള്‍ ഉള്‍പ്പെടെ വലിയൊരു ആയുധശേഖരം കണ്ടെടുത്തതായി സുരക്ഷാസേന സ്ഥിരീകരിച്ചു.
രണ്ട് എം4 സീരീസ് അസോള്‍ട്ട് റൈഫിളുകള്‍, രണ്ട് ചൈനീസ് പിസ്റ്റളുകള്‍, ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ എന്നിവയാണ് സുരക്ഷാസേന കണ്ടെടുത്തിട്ടുള്ളത്. കൂടുതല്‍ ഒളിത്താവളങ്ങളോ ആയുധശേഖരങ്ങളോ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളില്‍ കൂടുതല്‍ തിരച്ചില്‍ നടക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
