/kalakaumudi/media/media_files/2025/04/10/j6e17O03PCKh1gB3m6Ru.jpg)
ശ്രീനഗര്‍: ബ്രിഗേഡിയര്‍തല ചര്‍ച്ചയില്‍ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. അതിര്‍ത്തി മേഖലയിലെ സമാധാനം തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്തിരിയണമെന്ന് ഇന്ത്യ ഫ്‌ളാഗ് മീറ്റില്‍ ആവശ്യപ്പെട്ടു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇത്തരം നടപടികള്‍ പാക്കിസ്ഥാന്‍ തുടര്‍ന്നാല്‍ തിരിച്ചടി ഉണ്ടാകുമെന്നും യോഗത്തില്‍ ഇന്ത്യ അറിയിച്ചു. കശ്മീരിലെ പൂഞ്ചിലാണ് വ്യാഴാഴ്ച സൈനികതല ചര്‍ച്ച നടന്നത്.
അതേസമയം അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയുടെ കാര്യത്തില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായം പ്രകടിപ്പിക്കാതെ ഒഴിഞ്ഞുമാറി. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണെന്നും രണ്ട് പതിറ്റാണ്ടിലേറെയായി അദ്ദേഹം പാകിസ്ഥാനി രേഖകള്‍ പുതുക്കിയിട്ടില്ലെന്നും പാകിസ്ഥാന വിദേശകാര്യ മന്ത്രാലയം വക്താവ് ഷഫാഖത്ത് അലി ഖാന്‍ അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയോടെയാണ് ദില്ലി പാലം വ്യോമസേന വിനാനത്താവളത്തില്‍ തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ റാണയെ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് വിവരം. മറ്റു രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല. തഹാവൂര്‍ റാണയെ ദില്ലയില്‍ എത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.