/kalakaumudi/media/media_files/2025/10/15/navy-2-2025-10-15-09-37-44.jpg)
തിരുവനന്തപുരം: ഈ വര്‍ഷത്തെ നാവികസേനാ ദിനാഘോഷം തിരുവനന്തപുരത്ത്. പ്രധാന വേദിയായ ശംഖുമുഖത്ത് ഡിസംബര്‍ നാലിനു നടക്കുന്ന ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തിയേക്കും. ആഘോഷത്തിന് സൗകര്യമൊരുക്കാന്‍ 14 കോടി രൂപ ചെലവില്‍ ശംഖുമുഖത്ത് 360 മീറ്റര്‍ കടല്‍ഭിത്തി പുതുതായി നിര്‍മിക്കും. 1971ലെ ഇന്ത്യ പാക്ക് യുദ്ധത്തില്‍ 'ഓപ്പറേഷന്‍ ട്രൈഡന്റ്' എന്ന പേരില്‍ കറാച്ചി ഉന്നമിട്ട് നാവികസേന വിജയകരമായി നടത്തിയ ദൗത്യത്തിന്റെ സ്മരണാര്‍ഥമാണു ദിനാഘോഷം. സ്ഥിരമായി ഡല്‍ഹിയില്‍ നടത്തിയിരുന്ന ആഘോഷം 2022 മുതലാണ് മറ്റിടങ്ങളിലേക്കു മാറ്റാന്‍ തീരുമാനിച്ചത്.
വിശാഖപട്ടണം, മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് , ഒഡീഷയിലെ പുരി എന്നിവിടങ്ങളിലായിരുന്നു മുന്‍വര്‍ഷങ്ങളിലെ ദിനാഘോഷം. സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങള്‍ക്ക് ശംഖുമുഖം വേദിയാവും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാവികസേനയുടെ പടക്കപ്പലുകളും അന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തിരുവനന്തപുരത്തേക്കെത്തും. ആഘോഷത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
