കേന്ദ്ര സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പാസ്സ്‌പോര്‍ട്ടപേക്ഷാ പ്രക്രിയകളില്‍ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വരും.
ജനനതീയ്യതിയുടെ സ്ഥിതീകരണത്തിനായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 2023 ഒക്ടോബര്‍ ഒന്നിനോ, അതിനു ശേഷമോ ജനിച്ചവര്‍ക്കും ഇത് നിര്‍ബന്ധമാണ്. രേഖകളിലെ വിവരങ്ങളുടെ ഏകീകരണത്തിനായാണ് ഈ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, അല്ലെങ്കില്‍ 1969-ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം അനുസരിച്ചോ നിലവിലുള്ള ജനന സര്‍ട്ടിഫിക്കറ്റേ പാസ്സ്‌പോര്‍ട്ടിനായി ഇനി മുതല്‍ സ്വീകരിക്കുകയുള്ളൂ.എന്നാല്‍ 2023 ഒക്ടോബറിനു മുമ്പ് ജനിച്ചവര്‍ക്ക് അംഗീകൃത സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റോ, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റോ, പാന്‍ കാര്‍ഡോ ഒക്കെ തെളിവായി നല്കാന്‍ സാധിക്കും.
സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്കിക്കൊണ്ട് അപേക്ഷകന്റെ സ്ഥിര മേല്‍വിലാസം പ്രിന്റു ചെയ്യാതെ, ബാര്‍കോഡു വഴി സ്‌കാന്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ക്കു മാത്രം വെരിഫിക്കേഷനു ലഭ്യമാവുന്ന രീതിയില്‍ ക്രമീകരിക്കും.ഇതിനുപുറമെ മാതാപിതാക്കളുടെ പേരും പാസ്സ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് നീക്കം ചെയ്യും.
പാസ്സ്‌പോര്‍ട്ട് നിറങ്ങളിലും വ്യത്യാസങ്ങള്‍ വരുത്തുന്നുണ്ട്. സാധാരണക്കാര്‍ക്ക് നീല പാസ്സ്‌പോര്‍ട്ടുകള്‍ തുടര്‍ന്നു ലഭിക്കും. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് വെള്ളയും, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ചുവപ്പ് പാസ്സ്‌പോര്‍ട്ടുകളായിരിക്കും ലഭിക്കുക.