ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ, ലക്ഷ്യം 600 കോടി അധിക വരുമാനം

റെയില്‍വേയുടെ പ്രവര്‍ത്തന ചിലവുകളില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവാണ് നിരക്ക് പരിഷ്‌കരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ മാത്രം 1,15,000 കോടി രൂപ റെയില്‍വേ ചിലവിടുന്നുണ്ട്

author-image
Biju
New Update
train

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ യാത്രാനിരക്കുകളില്‍ വരുത്തിയ പുതിയ പരിഷ്‌കാരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവായ റെയില്‍വേ, ഈ നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് ഘടന വിഭാവനം ചെയ്തിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം, ഓര്‍ഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികം നല്‍കണം. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ നോണ്‍-എസി, എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, 215 കിലോമീറ്ററില്‍ താഴെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകില്ല. ഉദാഹരണത്തിന്, നോണ്‍-എസി കോച്ചില്‍ 500 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്ന ഒരാള്‍ക്ക് 10 രൂപ മാത്രമാണ് അധികമായി ചെലവാകുക. സബര്‍ബന്‍ ട്രെയിനുകളെയും മന്ത്ലി സീസണ്‍ ടിക്കറ്റുകളെയും വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയത് സാധാരണക്കാരായ സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.

റെയില്‍വേയുടെ പ്രവര്‍ത്തന ചിലവുകളില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവാണ് നിരക്ക് പരിഷ്‌കരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ മാത്രം 1,15,000 കോടി രൂപ റെയില്‍വേ ചിലവിടുന്നുണ്ട്. പെന്‍ഷന്‍ ചിലവ് 60,000 കോടി രൂപയായും ഉയര്‍ന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ ആകെ പ്രവര്‍ത്തന ചിലവ് 2,63,000 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ഈ അധിക ബാധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളില്‍ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.

യാത്രാനിരക്കുകളില്‍ മാറ്റം വരുത്തിയെങ്കിലും ചരക്ക് നീക്കത്തിനുള്ള നിരക്കുകളില്‍ റെയില്‍വേ മാറ്റം വരുത്തിയിട്ടില്ല. പ്രവര്‍ത്തന ചിലവുകള്‍ വര്‍ദ്ധിച്ചിട്ടും 2018ന് ശേഷം ചരക്ക് നിരക്കുകള്‍ പരിഷ്‌കരിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ചരക്ക് നീക്കം ഊര്‍ജ്ജിതമാക്കുന്നതിനായി 2014 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഏകദേശം രണ്ട് ലക്ഷം വാഗണുകളും പതിനായിരത്തിലധികം ലോക്കോമോട്ടീവുകളും പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

രാജ്യത്തെ പ്രധാന പദ്ധതിയായ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മാണത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളും മന്ത്രാലയം പങ്കുവെച്ചു. മഹാരാഷ്ട്രയില്‍ പദ്ധതിക്കായി ആവശ്യമായ നൂറ് ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വരും മാസങ്ങളില്‍ കൂടുതല്‍ വേഗത്തിലാകും. റെയില്‍വേയുടെ ആധുനികവല്‍ക്കരണവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങളെല്ലാം നടപ്പിലാക്കുന്നത്.

സുരക്ഷാ ക്രമീകരണങ്ങളിലും പ്രവര്‍ത്തനക്ഷമതയിലും കൈവരിച്ച നേട്ടങ്ങളും റെയില്‍വേ എടുത്തുപറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്ക് നീക്ക ശൃംഖലയായി ഇന്ത്യന്‍ റെയില്‍വേ മാറിയിരിക്കുകയാണ്. കഴിഞ്ഞ ഉത്സവകാലത്ത് റെയില്‍വേ വിജയകരമായി പ്രവര്‍ത്തിപ്പിച്ച 12,000-ത്തിലധികം ട്രെയിനുകള്‍ മികച്ച പ്രവര്‍ത്തനക്ഷമതയുടെ തെളിവാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സുരക്ഷാ മുന്‍കരുതലുകള്‍ വര്‍ദ്ധിപ്പിച്ചതോടെ അപകടസാധ്യതകള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതായും റെയില്‍വേ അവകാശപ്പെട്ടു.