ന്യൂഡൽഹി : വേഗത കൂടിയ മലിനീകരണവും ചെലവും കുറഞ്ഞ ഒരു ട്രെയിൻ ഡീസലും വേണ്ട വൈദ്യുതിയും വേണ്ട. അത്തരം ഒരു ആശയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ.ഇന്ത്യൻ റെയിൽ പാതകളിൽ കുതിച്ചുപായാൻ ഹൈഡ്രജൻ ട്രെയിൻ തയ്യാറായി കഴിഞ്ഞതായി റിപ്പോർട്ട് .പരിസ്ഥിതി സൗഹൃദ യാത്ര എന്ന പുതിയ കാല കഴ്ചപ്പാടിലേക്ക് ചുവടുവയ്ക്കാൻ ഹൈഡ്രജൻ ട്രെയിൻ ഇന്ത്യൻ റെയിൽവേയ്ക് ഊർജം നൽകുമെന്നാണ് കരുതുന്നത്.
2024 ഡിസംബറിൽ ഇന്ത്യ തങ്ങളുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഡീസലും വൈദ്യുതിയുംഇല്ലാതെ ഓടുന്ന ട്രെയിൻ ഇന്ത്യയെ സംബന്ധിച്ച് വലിയൊരു നാഴികക്കല്ലാണ്.2030ടെ കാർബൺ ബഹിർഗമനം പൂജ്യം ശതമാനമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് ഹൈഡ്രജൻ ട്രെയിനിന്റെ കടന്നു വരവ് കരുത്തുപകരും.
ഈ ട്രെയിനിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് ജലമാണ് പ്രാഥമിക വിഭവമായി ഉപയോഗിക്കുന്നത്. പരമ്പരാഗത ഡീസൽ ഇലക്ട്രിക് എഞ്ചിനുകളിൽ നിന്ന് വ്യത്യസ്തമായി ട്രെയിന്റെ എൻജിന് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി ഹൈഡ്രജൻ ഇന്ധന സെല്ലുകളാണ് പുതിയ ട്രെയിനിൽ ഉപയോഗിക്കുക.വൈദ്യുതി ഉൽപ്പാദനവേളയിൽ ഉപോല്പന്നങ്ങളായി നീരാവിയും വെള്ളവും മാത്രമാണ് പുറത്തു വിടുന്നത്. മറ്റു ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോൾ ഉള്ളതുപോലെ കാർബൺ ഡൈ ഓകസൈഡ നൈട്രജൻ ഓകസൈഡ് കഠിന പദാർത്ഥങ്ങൾ എന്നിവ പുറം തള്ളുന്നത് പൂർണ്ണമായി കുറയും.
കാർബൺ ബഹിർഗമനം ഇല്ലാത്ത യാത്ര എന്ന ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യമാണ് ഹൈഡ്രജൻ ട്രെയിൻ യാഥാർഥ്യമാകുന്നത്. അന്തരീക്ഷമലിനീകരണത്തിനു പുറമെ ശബ്ദമലിനീകരണത്തിനും ഈ ട്രെയിൻ ഒരു പരിഹാരം ആകും .മറ്റു ട്രെയിനുകളെ അപേക്ഷിച്ചു 60 ശതമാനം കുറവ് ശബ്ദം മാത്രമാണ് ഇവ പുറത്തു വിടുന്നത്.
രാജ്യവ്യാപകമായി 35 ഹൈഡ്രജൻ ട്രെയിനുകൾ പുറത്തിറക്കാനാണ് ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നത്.ഹരിയാനയിലെ ഹിന്ദ് സോനിപത് പാതയിൽ മണിക്കൂറിൽ 90 കിലോമീറ്റർ സ്പീഡിൽ പരീക്ഷണ ഓട്ടം നടത്താനാണ് തീരുമാനം.ഡാർജലിംഗ് -ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടെയ്ൻ റെയിൽവേ തുടങ്ങി പൈതൃക പർവ്വത തീവണ്ടി പാതകളിലും പ്രകൃതിരമണീയവും വിദൂരവുമായ പ്രദേശങ്ങളിലേക്കുള്ള മറ്റു റൂട്ടുകളും ഭാവിയിൽ ഹൈഡ്രജൻ ട്രെയിൻ ഓട്ടത്തിനായി പരിഗണിക്കും.
യാത്രക്കാർക്ക് വേഗമേറിയതും സുഖപ്രദവും സുസ്ഥിരവുമായ യാത്രയാണ് ഹൈഡ്രജൻ ട്രെയിൻ വാഗ്ദാനം ചെയ്യുന്നത്.വരും നാളുകളിൽ 140 കിലോമീറ്റർ വേഗത പ്രതീക്ഷിക്കുന്നു. ട്രെയിന്റെ ഊർജോല്പാദനത്തിനായി ഓരോമണിക്കൂറിലും ഏകദേശം 40000ലിറ്റർ വെള്ളം വേണ്ടി വരും ഇതിനായി ജല സംഭരണ സൗകര്യങ്ങൾ നിർമിക്കുമെന്നാണ് റിപ്പോർട്ട് . ഒരു ട്രെയിൻ നിർമിക്കാൻ ഏകദേശം 80 കോടി രൂപയാണ് ചെലവ്. പുതിയ ട്രെയിൻ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഹൈഡ്രജൻ സംഭരണ സൗകര്യങ്ങളും സമർപ്പിത ഇന്ധന സ്റ്റേഷനുമുൾപ്പടെ അതിവിപുലമായ ഇൻഫ്രാസ്ട്രക്ച്ചർ അപ്ഡേറ്റുകൾ നടന്നു കൊണ്ടിരിക്കുന്നു.2025 -ഓടെ ഹൈഡ്രജൻ ട്രെയിൻ സർവീസ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.