/kalakaumudi/media/media_files/2025/03/19/TzMwyWwOefzzeLagCp3u.jpg)
ന്യൂഡല്‍ഹി: ട്രെയിനിനെക്കാള്‍ വേഗതയിലാണ് ഭാരത്തിന്റെ റെയില്‍വേ മേഖല കുതിയ്ക്കുന്നത് എന്ന് വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 68 റെയില്‍വേ ഡിവിഷനുകളില്‍ 49 ഡിവിഷനുകളിലെയും ട്രെയിനുകള്‍ കൃത്യമായി ഓടുന്നുണ്ട്. റെയില്‍വേ രംഗത്ത് അഭിമാനിക്കുന്ന നിരവധി നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത് എന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.
49 ഡിവിഷനുകളില്‍ സര്‍വ്വീസ് നടത്തുന്നവയില്‍ 80 ശതമാനം ട്രെയിനുകളും കൃത്യസമയത്ത് ഓടിയെത്താന്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വലിയ മാറ്റങ്ങളാണ് റെയില്‍വേ മേഖലയില്‍ ഉണ്ടായിട്ടുള്ളത്.
ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ രാജ്യത്ത് ആരംഭിച്ചു. കോവിഡിന് മുന്‍പ് സര്‍വ്വീസ് നടത്തിയിരുന്നതിനെക്കാള്‍ കൂടുതല്‍ ട്രെയിനുകള്‍ ശേഷം സര്‍വ്വീസ് നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ റെയില്‍വേ പ്രതിജ്ഞാബദ്ധരാണെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.
ട്രെയിനുകള്‍ യഥാസമയം ഓടിയെത്തിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തില്‍ റെയില്‍വേ വിജയം കണ്ടു. അത്യാധുനിക സിഗ്‌നലിംഗ് സംവിധാനവും, റിയല്‍ ടൈം മോണിറ്ററിംഗും ആണ് ഇത് സാദ്ധ്യമാക്കിയത്. ഇതിന് പുറമേ എഐ സാങ്കേതിക വിദ്യയും റെയില്‍വേ ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. നിലവില്‍ 13,000 പാസഞ്ചര്‍ ട്രെയിനുകള്‍ ആണ് സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ 4,111 മെയിലും എക്സ്പ്രസും, 3,313 പാസഞ്ചര്‍ ട്രെയിനുകളും ഉള്‍പ്പെടുന്നു.
റെയില്‍വേ സ്റ്റേഷനുകളുടെ ആധുനിക വത്കരണത്തിലും നിര്‍ണായക നേട്ടം കൈവരിക്കാന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 129 റെയില്‍വേ സ്റ്റേഷനുകള്‍ ഇതിനോടകം തന്നെ മോഡേണ്‍ ആക്കി. അടുത്ത വര്‍ഷത്തോട് കൂടി ബാക്കിയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യങ്ങള്‍ വിപുലമാക്കും.
മോഡേണ്‍ ഹൈ- സ്പീഡ് ട്രെയിനുകള്‍ എന്നുള്ള ഇന്ത്യയുടെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ട്. ഭാവി തലമുറയ്ക്ക് ഇത് വലിയ മുതല്‍കൂട്ട് ആകും. ഡീസല്‍ ട്രെയിനുകളില്‍ നിന്നും ഇലക്ട്രിക് ട്രെയിനുകളിലേക്കുള്ള പരിവര്‍ത്തനം വിപ്ലവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.