/kalakaumudi/media/media_files/2025/09/03/railway-2025-09-03-16-35-26.jpg)
ന്യൂഡല്‍ഹി : റെയില്‍വേ ജീവനക്കാര്‍ക്ക് ഒരു കോടി രൂപ വരെ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ധാരണ പത്രം ഒപ്പുവെച്ചു.
ഈ ധാരണാപത്രപ്രകാരം, എസ്ബിഐ ബാങ്കില്‍ ശമ്പള അക്കൗണ്ടുള്ള റെയില്‍വേ ജീവനക്കാര്‍ക്ക് ഒരു കോടി രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ്. കൂടാതെ സ്വാഭാവിക മരണത്തിന് പോലും ജീവനക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
ഇതുവരെ, കേന്ദ്ര ഗവണ്‍മെന്റ് എംപ്ലോയീസ് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം (CGEGIS) പ്രകാരം, ഗ്രൂപ്പ് A, B, C ജീവനക്കാര്‍ക്ക് യഥാക്രമം 1.20 ലക്ഷം, 60,000, 30,000 എന്നിവയുടെ പരിരക്ഷ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ പുതിയ തീരുമാനം. ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനായി പ്രീമിയം അടയ്ക്കുകയോ പ്രത്യേക വൈദ്യ പരിശോധനകള്‍ നടത്തുകയോ ചെയ്യേണ്ടതില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
റെയില്‍വേയിലെ ഏഴ് ലക്ഷം ജീവനക്കാര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 1.60 കോടി രൂപയുടെ വിമാന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ, റുപേ ഡെബിറ്റ് കാര്‍ഡില്‍ ഒരു കോടി രൂപ വരെ അധിക പരിരക്ഷ, സ്ഥിരമായ പൂര്‍ണ്ണ വൈകല്യത്തിന് ഒരു കോടി രൂപ വരെ, സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെ എന്നിവ ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ പുതിയ പദ്ധതി പ്രകാരം റെയില്‍വേ ജീവനക്കാര്‍ക്ക് ലഭിക്കുക.