മൂക്കുകുത്തിവീണ് രൂപ!, എങ്ങനെ കരകയറും

പ്രധാനമായും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കാണ് ഈ തകര്‍ച്ചയ്ക്ക് കാരണമായത്. ജനുവരിയില്‍ മാത്രം ഏകദേശം 350 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.

author-image
Biju
New Update
RUPA2

ന്യൂഡല്‍ഹി: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 91.99 എന്ന റെക്കോര്‍ഡ് താഴ്ച്ച രേഖപ്പെടുത്തി. 2025 ല്‍ 5 ശതമാനം ഇടിവ് നേരിട്ടതിന് പിന്നാലെ, 2026 ജനുവരിയില്‍ മാത്രം രൂപയുടെ മൂല്യത്തില്‍ 2 ശതമാനത്തിലധികം ഇടിവുണ്ടായി

പ്രധാനമായും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കാണ് ഈ തകര്‍ച്ചയ്ക്ക് കാരണമായത്. ജനുവരിയില്‍ മാത്രം ഏകദേശം 350 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. ഇതിനെത്തുടര്‍ന്ന് നിഫ്റ്റി 50 സൂചികയില്‍ ജനുവരിയില്‍ 5 ശതമാനത്തോളം ഇടിവുണ്ടായി. അദാനി ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ട് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ സ്വീകരിച്ച നടപടികളും വിപണിയില്‍ ഡോളറിനായുള്ള ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.

സ്വര്‍ണം ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിക്കായി ഡോളറിനായുള്ള വര്‍ദ്ധിച്ച ആവശ്യകതയും ഓഫ്ഷോര്‍ നിക്ഷേപകരുടെ ഡോളര്‍ വാങ്ങലും രൂപയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് തുകയായ 1,890 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് പുറത്തേക്ക് പോയത്. രൂപയുടെ മൂല്യത്തകര്‍ച്ചയുടെ വേഗത കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക്  വിപണിയില്‍ ഇടപെട്ട് ഡോളറുകള്‍ വിറ്റഴിക്കുന്നുണ്ടെങ്കിലും, തകര്‍ച്ച പൂര്‍ണമായും തടയാന്‍ സാധിച്ചിട്ടില്ല. മൂലധന പ്രവാഹത്തിലെ ഈ അസ്ഥിരത രൂപയുടെ മൂല്യത്തിന് വലിയ വെല്ലുവിളിയായി തുടരുന്നു.