/kalakaumudi/media/media_files/2025/09/19/nisamu-2025-09-19-13-02-19.jpg)
വാഷിങ്ടൺ: യു എസിൽ ഇന്ത്യൻ പൗരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെ ആണ് യു എസ് പോലീസ് വെടിവെച്ചത്.
വാക്ക് തർക്കത്തിനിടെ സുഹൃത്തിനെ നിസാമുദ്ദീൻ ആക്രമിച്ചതാണ് പൊലീസ് വെടിവെയ്പ്പിന് ഇടയാക്കിയത്. സെപ്റ്റംബർ മൂന്നിനാണ് സംഭവം നടക്കുന്നത്. നിസാമുദ്ദീൻ വംശീയ അധിക്ഷേപം നേരിട്ടിരുന്നതായും കുടുംബം ആരോപിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടി.
സഹായം അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കുടുംബം കത്തയച്ചു.അതേസമയം സെപ്റ്റംബർ 3 ന് സാന്താ ക്ലാരയിലെ വസതിയിൽ കത്തിയുമായി കണ്ടെത്തിയതിനെ തുടർന്നാണ് വെടിവച്ചതെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
റൂമിലുണ്ടായിരുന്ന ആൾക്ക് കുത്തേറ്റിരുന്നു. ഇയാളെ കെട്ടിയിട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഫ്ലോറിഡയിലെ ഒരു കോളേജിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
ശാന്ത സ്വഭാവക്കാരനാണ് മകനെന്നും വംശീയ പീഡനം നേരിട്ടിരുന്നതായി മകൻ പറഞ്ഞിരുന്നതായും നിസാമുദ്ദീന്റെ കുടുംബം പറഞ്ഞു. പൊലീസിനെ സഹായത്തിനായി വിളിച്ചത് നിസാമുദ്ദീനാണെന്നും കുടുംബം പറഞ്ഞു.
നിസാമുദ്ദീൻ അക്രമാസക്തനായെന്ന് പൊലീസ്
എമജൻസി നമ്പരിൽ വിളിച്ചപ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിസാമുദ്ദീനും റൂംമേറ്റും തമ്മിലുള്ള സംഘർഷം ആക്രമണത്തിലേക്കെത്തിയതിന് പിന്നാലെയാണ് സന്ദേശം ലഭിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
തങ്ങൾ എത്തുമ്പോൾ റുംമേറ്റ് കുത്തേറ്റ് പരിക്കുകളോടെ കിടക്കുകയായിരുന്നു. ഇയാളെ കെട്ടിയിട്ട നിലയിലായിരുന്നു. നിസാമുദ്ദീന്‍റെ കൈവശം ചോരപുരണ്ട കത്തിയുമുണ്ടായിരുന്നു.
ഇയാൾ അക്രമാസക്തനായതോടെയാണ് വെടി വെച്ചത്. പിന്നീട് നിസാമുദ്ദീനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുത്തേറ്റ യുവാവ് ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
