/kalakaumudi/media/media_files/2026/01/26/rp2-2026-01-26-07-45-38.jpg)
ന്യൂഡല്‍ഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു. പ്രതിരോധമന്ത്രിക്കും സേനാ മേധാവികള്‍ക്കുമൊപ്പമാണ് പ്രധാനമന്ത്രിയെത്തിയത്. സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, വായുസേനാ മേധാവി എപി സിങ് എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ആദരമര്‍പ്പിക്കാനെത്തിയത്. തുടര്‍ന്ന് ഡിജിറ്റല്‍ ഡയറിയില്‍ റിപ്പബ്ലിക് ദിന സന്ദേശമെഴുതിയതിനു ശേഷം മോദി കര്‍ത്തവ്യപഥിലെത്തി.
കേരളത്തിന്റെയടക്കം 30 ടാബ്ലോകളാണ് പരേഡില്‍ അണിനിരന്നത്. നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത നേട്ടവും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിച്ചത്. 'വന്ദേമാതരം' ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂര്‍വ ചിത്രങ്ങള്‍ കര്‍ത്തവ്യ പഥില്‍ പ്രദര്‍ശിപ്പിച്ചു. പുഷ്പാലങ്കാരങ്ങള്‍, ക്ഷണക്കത്തുകള്‍, വിഡിയോകള്‍, ടാബ്ലോകള്‍ എന്നിവയിലെല്ലാം ഈ പ്രമേയം പ്രതിഫലിച്ചു. ഇന്ത്യന്‍ സൈന്യം ആദ്യമായി പരേഡില്‍ 'ബാറ്റില്‍ അറേ ഫോര്‍മേഷന്‍' പ്രദര്‍ശിപ്പിച്ചു. സൈനിക പ്രദര്‍ശനത്തില്‍ സൈനികരുടെ പരേഡ്, ആധുനിക ആയുധ സംവിധാനങ്ങള്‍, ഡ്രോണുകള്‍, ടാങ്കുകള്‍, മിസൈല്‍ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
നാവികസേനയുടെ വിമാനങ്ങള്‍ അണിനിരക്കുന്ന ഫ്‌ലൈപാസ്റ്റില്‍ 29 വിമാനങ്ങള്‍ ആണ് ഉണ്ടായിരുന്നത്. റാഫേല്‍, സു-30 എംകെഐ, മിഗ്-29 വിമാനങ്ങളും അപ്പാച്ചെ, എല്‍സിഎച്ച് പ്രചണ്ഡ് ഹെലികോപ്റ്ററുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ബാക്ട്രിയന്‍ കാമല്‍, ആര്‍മി ഡോഗ് സ്‌ക്വാഡ് എന്നിവയും പരേഡില്‍ അണിനിരന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലേയും ചടങ്ങില്‍ മുഖ്യാതിഥികളായി.
സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷം നടന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ദേശീയ പതാക ഉയര്‍ത്തി വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആ.ര്‍ അനില്‍ തുടങ്ങിയവരും എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയര്‍ത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

