/kalakaumudi/media/media_files/2025/07/21/modi-2025-07-21-14-48-45.jpg)
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ ദൗത്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ മണ്‍സൂണ്‍ സമ്മേളനം ഇന്ത്യന്‍ സൈന്യത്തിന്റെ വിജയാഘോഷം ആണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകം മുഴുവന്‍ ഇന്ത്യയുടെ സൈനിക ശക്തിയുടെയും സൈനിക ശേഷിയുടെയും യഥാര്‍ത്ഥ രൂപം കണ്ടതായി പ്രധാനമന്ത്രി സൂചിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂരില്‍ നിശ്ചയിച്ച ലക്ഷ്യത്തിന്റെ 100% ഇന്ത്യന്‍ സൈന്യം കൈവരിച്ചു. തീവ്രവാദികളുടെ തലവന്റെ വീട്ടില്‍ പോയി 22 മിനിറ്റിനുള്ളില്‍ അത് നിലംപരിശാക്കി. ഇന്ത്യയുടെ 'മെയ്ഡ് ഇന്‍ ഇന്ത്യ' സൈനിക ശക്തി.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഒന്നിച്ചു നിന്നതിന് പ്രതിപക്ഷ പാര്‍ട്ടികളെയും, പ്രതിപക്ഷ എംപിമാരെയും മോദി അഭിനന്ദിച്ചു. പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച്, നമ്മുടെ മിക്ക പാര്‍ട്ടികളുടെയും പ്രതിനിധികളും, മിക്ക സംസ്ഥാനങ്ങളുടെയും പ്രതിനിധികളും രാജ്യത്തിന്റെ താല്‍പ്പര്യാര്‍ത്ഥം ലോകം ചുറ്റി സഞ്ചരിച്ചു, ലോകത്തിലെ പല രാജ്യങ്ങളിലും പോയി, ഭീകരരുടെ യജമാനനായ പാകിസ്താനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതിനായി ഒരു വിജയകരമായ പ്രചാരണം നടത്തി. എല്ലാ പാര്‍ട്ടികളുടെയും നേതാക്കളോടും മാന്യരായ അംഗങ്ങളോടും സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിലും, സൃഷ്ടിപരമായ ചര്‍ച്ചയിലും ആരോഗ്യകരമായ ജനാധിപത്യ സംഭാഷണത്തിലും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയാണ് എന്നും മോദി വ്യക്തമാക്കി.
ഈ മണ്‍സൂണ്‍ രാജ്യത്തിന്റെ വിജയാഘോഷത്തിന്റെ ഒരു രൂപമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആദ്യമായി ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നത് രാജ്യത്തെ ഓരോ പൗരനും അഭിമാനകരമായ നിമിഷമാണ്. ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം എന്നിവയിലേക്കുള്ള പുതിയ ഉത്സാഹവും ആവേശവും രാജ്യത്ത് നിറച്ച ഒരു യാത്രയാണിത് എന്നും മോദി വ്യക്തമാക്കി.