/kalakaumudi/media/media_files/2025/10/22/neeraj-2025-10-22-15-42-02.jpg)
ന്യൂഡല്‍ഹി : ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെയും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെയും സാന്നിധ്യത്തില്‍ നീരജ് ചോപ്ര ബഹുമതി ഏറ്റുവാങ്ങി. സൈനിക യൂണിഫോമില്‍ എത്തിയ നീരജിനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലെഫ്റ്റനന്റ് കേണല്‍ മുദ്ര അണിയിച്ച് ആദരിച്ചു.
തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡലുകള്‍ നേടിയിട്ടുള്ള
27 കാരനായ ജാവലിന്‍ ത്രോ താരം ഹരിയാനയിലെ പാനിപ്പത്തിനടുത്തുള്ള ഖന്ദ്ര ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. 2020 ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. 2024 ലെ പാരീസ് ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി. നീരജ് നേരത്തെ ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ മേജറായിരുന്നു.
ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നീരജിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ള സ്ഥാനക്കയറ്റം പ്രഖ്യാപിച്ചിരുന്നത്. നീരജ് ചോപ്രയുടെ അത്ലറ്റിക്‌സിലെ അസാധാരണ നേട്ടങ്ങളെയും ദശലക്ഷക്കണക്കിന് യുവ ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെയും ആദരിച്ചുകൊണ്ടാണ് ഈ അംഗീകാരം. നീരജിന് മുമ്പ്, ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിക്ക് 2011 ല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
