ധാതുഖനനം നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി കേന്ദ്രം

ഖനനരംഗത്ത് കുത്തകവല്‍ക്കരണം ഒഴിവാക്കാനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമാണു നിലവിലെ നിയമത്തില്‍ ഖനന പരിധി വച്ചിരിക്കുന്നത്. ഇതു നീക്കിയാല്‍ ഒരേ കമ്പനിക്ക് ഓരോ സംസ്ഥാനത്തും കൂടുതല്‍ സ്ഥലത്ത് ഖനനം നടത്താം.

author-image
Biju
New Update
MINING

ന്യൂഡല്‍ഹി: ധാതുഖനനകമ്പനികള്‍ക്ക് ഓരോ സംസ്ഥാനത്തും ഖനനം നടത്താവുന്ന സ്ഥലവിസ്തൃതിക്കുള്ള പരിധി കേന്ദ്രസര്‍ക്കാര്‍ എടുത്തു കളയാനൊരുങ്ങുന്നു. 1957 ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍) നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനായി സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രം അഭിപ്രായം തേടി. ഭേദഗതി നടപ്പായാല്‍ വിദേശഖനന കമ്പനികളെ കൊണ്ടുവരാനും വലിയ നിക്ഷേപം ആകര്‍ഷിക്കാനും കഴിയുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

ഖനനരംഗത്ത് കുത്തകവല്‍ക്കരണം ഒഴിവാക്കാനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമാണു നിലവിലെ നിയമത്തില്‍ ഖനന പരിധി വച്ചിരിക്കുന്നത്. ഇതു നീക്കിയാല്‍ ഒരേ കമ്പനിക്ക് ഓരോ സംസ്ഥാനത്തും കൂടുതല്‍ സ്ഥലത്ത് ഖനനം നടത്താം. പുതിയ ഭേദഗതി നടപ്പാക്കിയാല്‍ എല്ലാത്തരം ധാതുഖനനത്തിനുമുള്ള പരിധി പൂര്‍ണമായി ഇല്ലാതാകും. വമ്പന്‍ ഖനനകമ്പനികള്‍ ഓരോ സംസ്ഥാനത്തും കുത്തകകളായി മാറുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്കയുണ്ട്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചും ചോദ്യങ്ങളുയരുന്നു. 

നിലവിലെ നിയമത്തില്‍ പ്രാഥമിക സര്‍വേഘട്ടത്തില്‍ 25 ചതുരശ്ര കിലോമീറ്റര്‍ മുതല്‍ 10,000 ചതുരശ്ര കിലോമീറ്റര്‍ വരെ കൈവശം വയ്ക്കാമെങ്കിലും ഒറ്റ പെര്‍മിറ്റിന് കീഴില്‍ 5,000 ചതുരശ്ര കിലോമീറ്റര്‍ മാത്രമേ പാടുള്ളൂ. പുതിയ ഭേദഗതിയില്‍ ഇതിനും മാറ്റമുണ്ടാകും. 2015 മുതല്‍ ലേലം വഴി ധാതുഖനനം അനുവദിച്ചു തുടങ്ങിയതിനാലും സാങ്കേതികവിദ്യ പുരോഗമിച്ചതിനാലും സ്ഥലപരിധിക്ക് ഇനി പ്രസക്തിയില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

2023 ല്‍ 29 ലിഥിയം അടക്കം തന്ത്രപ്രധാന മൂലകങ്ങളുടെ ഖനനത്തിനായിട്ടാണ് പര്യവേക്ഷണ ലൈസന്‍സ് (ഇഎല്‍) കൊണ്ടുവന്നത്. എന്നാല്‍, പല സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ലേലനടപടികളില്‍ കമ്പനികള്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് പ്രത്യേക വിജ്ഞാപനം ഉപയോഗിച്ച് കേന്ദ്രം തന്നെ ലേലം നടത്തിത്തുടങ്ങി. വിജ്ഞാപനത്തിനു പകരം നിയമത്തില്‍ ഈ അധികാരം ഉള്‍ചേര്‍ക്കാനുള്ള ഭേദഗതിയുമുണ്ടാകും.