/kalakaumudi/media/media_files/2025/06/30/bunkerd-2025-06-30-22-06-09.jpg)
ന്യൂഡല്‍ഹി: ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ലോകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബങ്കര്‍ ബസ്റ്റര്‍ ബോബിനെക്കുറിച്ചാണ്. അമേരിക്കയ്ക്ക് മാത്രമാണ് ഇന്ന് ഈ ബോംബുകള്‍ നിലവിലുള്ളത്. ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ തുളച്ചുകയറാന്‍ കഴിയുന്ന, അഗ്‌നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിക്കുകയാണ്. ഭൂമി തുരന്ന് സ്‌ഫോടനം നടത്തുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ യുഎസ് ഉപയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, ഇന്ത്യയും ഇത്തരം ആയുധം വികസിപ്പിക്കുന്ന കാര്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
നിലവിലുള്ള അഗ്‌നി 5 മിസൈലിന് 5,000 കിലോമീറ്ററിലധികം ദൂരപരിധിയും പരമ്പരാഗത പോര്‍മുനകളുമാണുള്ളത്. നവീകരിച്ച പതിപ്പിന് 7,500 കിലോ ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ പോര്‍മുന വഹിക്കാന്‍ കഴിയും. മിസൈലിന് ശക്തിയേറിയ കോണ്‍ക്രീറ്റ് പാളികള്‍ക്കടിയിലുള്ള ശത്രുകേന്ദ്രങ്ങളെ ലക്ഷ്യമിടാനാകും. 80 മുതല്‍ 100 മീറ്റര്‍ വരെ ഭൂമിക്കടിയിലേക്ക് തുളച്ചുകയറാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യുഎസിന്റെ പക്കലുള്ള ആയുധങ്ങള്‍ക്ക് തുല്യമായ ആയുധങ്ങള്‍ നിര്‍മിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
ഇസ്രയേല്‍ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനിലെ ഫൊര്‍ദോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിലും ഇസ്ഫഹാനിലെയും നതാന്‍സിലെയും ആണവ കേന്ദ്രങ്ങളിലും ജൂണ്‍ 22ന് യുഎസ് ആക്രമണം നടത്തിയിരുന്നു. ബി 2 ബോംബര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒന്നര മണിക്കൂറിനുള്ളില്‍ ആക്രമണം നടത്തി ബോംബറുകള്‍ മടങ്ങി. പുലര്‍ച്ചെ 2.10നു നടന്ന ' ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി 2 ബോംബര്‍ ആക്രമണമായിരുന്നെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടത്.
ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കാന്‍ യുഎസ് വിമാനങ്ങളെ ആശ്രയിക്കുമ്പോള്‍ ഇന്ത്യ മിസൈലുകളാണ് വികസിപ്പിക്കുന്നത്. രണ്ട് വകഭേദങ്ങള്‍ അഗ്‌നി 5 മിസൈലിനുണ്ടാകും. ഭൂമിക്ക് മുകളിലേയും ഭൂമിക്ക് അടിയില്‍ ആഴത്തിലുള്ള ലക്ഷ്യങ്ങളെയും തകര്‍ക്കാന്‍ ഇവയ്ക്കാകും. ഹൈപ്പര്‍സോണിക് മിസൈലുകളാണ് വികസിപ്പിക്കുന്നത്.