/kalakaumudi/media/media_files/2025/12/10/idigo-ceo-2025-12-10-07-44-30.jpg)
ന്യൂഡല്‍ഹി: യാത്രാപ്രതിസന്ധി പരിഹരിക്കാനാകാതെ ഉഴലുന്ന വിമാനക്കമ്പനി ഇന്‍ഡിഗോയ്ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. പത്തുശതമാനം സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ദിവസവും 2,200-ഓളം സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതോടെ 200-ലധികം വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരും.
നിലവില്‍ വിമാനസര്‍വീസുകള്‍ സാധാരണനിലയിലായെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്നും ഇന്‍ഡിഗോ അവകാശപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു. ഇന്‍ഡിഗോയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു.ടിക്കറ്റ് നിരക്കിന്റെ പരിധി ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതിസന്ധിയിലായ എയര്‍ലൈന്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായെന്നും, എല്ലാ ഉപഭോക്തൃ പ്രശ്‌നങ്ങളും പരിഹരിക്കുന്നത് തുടരുകയാണെന്നും സിഇഒ എല്‍ബേഴ്‌സ് നേരത്തെ അവകാശപ്പെട്ടിരുന്നു. 'ഇന്‍ഡിഗോ വീണ്ടും പഴയ നിലയിലെത്തി, ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാണ്. ഒരു വലിയ പ്രവര്‍ത്തന തടസ്സം സംഭവിച്ചപ്പോള്‍ ഞങ്ങള്‍ നിങ്ങളെ നിരാശപ്പെടുത്തി, അതില്‍ ഞങ്ങള്‍ ഖേദിക്കുന്നു,' എല്‍ബേഴ്‌സ് ചൊവ്വാഴ്ച ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
