/kalakaumudi/media/media_files/1mp5NdO11tHHHpLjuatG.jpg)
ന്യൂഡല്‍ഹി: വ്യാപാരം, നിക്ഷേപം, സാങ്കേതിക ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഒരു സംയുക്ത സാമ്പത്തിക കമ്മീഷന്‍ രൂപീകരിക്കാന്‍ ഇന്ത്യയും അയര്‍ലണ്ടും ധാരണയായി. അയര്‍ലണ്ട് സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഉക്രെയ്ന്‍ സംഘര്‍ഷം, പശ്ചിമേഷ്യ, അഫ്ഗാനിസ്ഥാന്‍, ഇന്തോ-പസഫിക് എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലും ആഗോളതലത്തിലും സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങളും കാഴ്ചപ്പാടുകള്‍ കൈമാറി. ഇന്ത്യ-ഇയു സഹകരണത്തെക്കുറിച്ചും സംസാരിച്ചതായി ജയശങ്കര്‍ പറഞ്ഞു.
ഐറിഷ് സന്ദര്‍ശനത്തിന്റെ സമാപനത്തില്‍, ഡബ്ലിനിലെ സെന്റ് സ്റ്റീഫന്‍സ് പാര്‍ക്കിലുള്ള രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയില്‍ ജയ്ശങ്കര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഔദ്യോഗിക സന്ദര്‍ശന വേളയില്‍ അദ്ദേഹം വടക്കന്‍ അയര്‍ലണ്ടിലെ മുതിര്‍ന്ന മന്ത്രിമാരെയും കണ്ടു, കൂടാതെ ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്സിറ്റിയും സന്ദര്‍ശിച്ചു.