/kalakaumudi/media/media_files/2026/01/11/indore-new-2026-01-11-11-23-26.jpg)
ഭോപ്പാല്‍: അടുത്തിടെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നൊരിടമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍. മലിനജലം കുടിച്ച നിരവധി പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ നിലവില്‍ ചികിത്സയിലാണ്. എന്നാല്‍ ഇന്ന് ഇന്‍ഡോറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ന്യൂമോണിയ ബാധിച്ച് ചികിത്സയ്ക്കെത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൈവിരല്‍ മുറിച്ച് മാറ്റി നഴ്സ്. ജോലിക്കിടെ അബദ്ധത്തിലാണ് ഇവര്‍ കുഞ്ഞിന്റെ കൈ വിരല്‍ മുറിച്ച് മാറ്റിയത്.
ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ: ഇന്‍ഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം. ബെറ്റ്മ സ്വദേശിയായ അഞ്ജുവിന്റെ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ തള്ള വിരലാണ് പരിചരണത്തിനിടെ നഴ്സ് മുറിച്ച് മാറ്റിയത്. ഡിസംബര്‍ 24നാണ് പനിയും കഫക്കെട്ടും ഉണ്ടായ കുഞ്ഞിനെ ഇന്‍ഡോറിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കുഞ്ഞിന് ന്യൂമോണിയയാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. മികച്ച ചികിത്സ നല്‍കുന്നതിനായി കുഞ്ഞിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
ചികിത്സയിലിരിക്കെ ഇന്നലെ കുഞ്ഞിന്റെ തള്ളവിരലില്‍ വീക്കമുണ്ടായി. സംഭവം ശ്രദ്ധയില്‍പ്പെട്ട അഞ്ജു വിവരം ഡ്യൂട്ടിയിലുള്ള നഴ്സുമാരെ അറിയിച്ചെങ്കില്‍ രാത്രിയായത് കൊണ്ട് ആരും പരിശോധനയ്ക്കെത്തിയില്ല. എന്നാല്‍ ഇന്ന് രാവിലെ നഴ്സെത്തി കുഞ്ഞിനെ പരിചരിച്ചു. തുടര്‍ന്ന് കുഞ്ഞിന് ഇന്‍ഞ്ചക്ഷന്‍ നല്‍കാനായി മരുന്നുകള്‍ എടുത്തു. അതിനിടെ മരുന്നുകളുടെ കവര്‍ കത്രിക വച്ച് മുറിച്ചു. എന്നാല്‍ കത്രികയ്ക്കുള്ളില്‍ കുഞ്ഞിന്റെ വിരല്‍ വച്ചാണ് മുറിച്ചത്. ഇതോടെ തള്ളവിരല്‍ അറ്റുപോയി.
സംഭവത്തിന് പിന്നാലെ കുഞ്ഞിന്റെ അമ്മ ബഹളം വച്ചു. ഇതോടെ ആശുപത്രി അധികൃതര്‍ ഡോക്ടറെ വിവരം അറിയിക്കുകയും കുഞ്ഞിനെ മറ്റൊരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. അവിടെ വച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ അറ്റുപോയ കൈവിരല്‍ യോജിപ്പിച്ചു. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് അശോക് യാദവ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം: എംജിഎം ആശുപത്രിയിലേത് നഴ്സിന്റെ അനാസ്ഥയെന്ന് കുഞ്ഞിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയതോടെ നഴ്സിനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആശുപത്രി സൂപ്രണ്ട് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. അന്വേഷണത്തില്‍ നഴ്സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അശോക് യാദവ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
