ഇന്‍ഷൂറന്‍സ്, തൊഴില്‍: ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ സഖ്യ പ്രകടനപത്രിക

15 ലക്ഷം രൂപ വരെയുള്ള കുടുംബ ഇന്‍ഷൂറന്‍സ് നടപ്പാക്കും. 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വനിതകള്‍ക്ക് 2500 രൂപ ധനസഹായം അനുവദിക്കുമെന്നും ഇന്‍ഡ്യാ സഖ്യം വ്യക്തമാക്കി

author-image
Prana
New Update
india alliance

ജാര്‍ഖണ്ഡില്‍ ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യാ സഖ്യം പ്രകടനപത്രിക പുറത്തിറക്കി. യുവജന, വനിതാ, ഒബിസി വിഭാഗ ക്ഷേമമന്ത്രാലയങ്ങള്‍ രൂപീകരിക്കും.15 ലക്ഷം രൂപ വരെയുള്ള കുടുംബ ഇന്‍ഷൂറന്‍സ് നടപ്പാക്കും. 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വനിതകള്‍ക്ക് 2500 രൂപ ധനസഹായം അനുവദിക്കുമെന്നും ഇന്‍ഡ്യാ സഖ്യം വ്യക്തമാക്കി. ഓരോ വ്യക്തിക്കും 7 കിലോ റേഷന്‍ നല്‍കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് 450 രൂപ നിരക്കില്‍ എല്‍പിജി സിലിണ്ടറുകള്‍ ഉറപ്പാക്കും. നെല്ലിന്റെ താങ്ങുവില 2,400 രൂപയില്‍ നിന്ന് 3,200 രൂപയായി ഉയര്‍ത്തും.- തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. 
അതേസമയം,നുഴഞ്ഞുകയറ്റം ചര്‍ച്ചയാക്കിയും സാധാരണക്കാരെ സ്വാധനിക്കുന്ന വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ്  ബി.ജെ.പിയുടെ പ്രകടനപത്രിക. വനിതകള്‍ക്ക് മാസം 2,100 രൂപ നല്‍കുമെന്നും 500 രൂപയ്ക്ക് ഗാസ് സിലിണ്ടര്‍ ലഭ്യമാക്കുമെന്നും റാഞ്ചിയില്‍ സങ്കല്‍പ് പത്രിക പുറത്തിറക്കിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അതിനിടെ ജാര്‍ഖണ്ഡിലെ ന്യൂനപക്ഷത്തെ കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ നടത്തിയ പരാമര്‍ശത്തിനെതിരെ ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ്.
ബംഗ്ലദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റമാണ് ജാര്‍ഖണ്ഡില്‍ ബി.ജെ.പി പ്രധാന പ്രചാരണായുധമാക്കുന്നത്. ജാര്‍ഖണ്ഡിന്റെ അസ്ഥിത്വത്തേയും മണ്ണിനേയും വനിതകളേയും അപകടത്തിലാക്കുന്ന സര്‍ക്കാര്‍ വേണോ അതോ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ വേണോയെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് ഏകസിവില്‍കോഡ് നടപ്പാക്കും. എന്നാല്‍ ആദിവാസി വിഭാഗത്തെ ഇതില്‍നിന്ന് ഒഴിവാക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ദീപാവലിക്കും രക്ഷാബന്ധനും ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കും. സര്‍ക്കാര്‍ സര്‍വീസിലെ 2.87 ലക്ഷം ഒഴിവുകള്‍ നികത്തും. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് രണ്ടായിരം രൂപ വീതം ധനസഹായം,  ഗോഗോ ദീദി പദ്ധതി പ്രകാരം വനിതകള്‍ക്ക് മാസം 2100 രൂപ തുടങ്ങിയവയാണ് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങള്‍.

jharkhand assembly election Congress Manifesto INDIA alliance