/kalakaumudi/media/media_files/2024/10/30/NiO4GkSBEXU3haFXILXx.jpg)
ന്യുഡൽഹി: പത്ത് കോടിയുടെ ഹവാല ഇടപാട് നടത്തിയെന്ന പരാതിയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം ആരംഭിച്ച് സിആർപിഎഫ്. ഹവാല ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ച് പരാതി ലഭിച്ചതായി സിആർപിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി.തെലങ്കാന കേഡറിൽ പ്രവൃത്തിക്കുന്ന ചാരു സിൻഹക്കെതിരെയാണ് പരാതികൾ ലഭിച്ചത്. പരാതിയിൽ അന്വേഷണമുണ്ടാകുമെന്ന് സിആർപിഎഫ് ഡയറക്ടർ ജനറൽ ജി.പി സിംഗ് പറഞ്ഞു. ദക്ഷിണ മേഖല ഐജിയായ ചാരു സിൻഹ ഹവാല വഴി ഒരു ഷെൽ കമ്പനിയിൽ 10 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നാണ് പരാതി. ആരോപണവിധേയമായ ഫണ്ടുകൾ പിന്നീട് മ്യൂച്വൽ ഫണ്ടുകളിലേക്ക് മാറ്റിയതായും പറയുന്നു. സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു സ്ഥാപനം വഴി 10 കോടി രൂപയുടെ ഹവാല ഇടപാട് നടത്തിയെന്നും, ഷെൽ കമ്പനിയിൽ ബന്ധുക്കളുടെ സഹായത്തോടെ വൻ തുക നിക്ഷേപിച്ചെന്നും പരാതിക്കാരൻ ആരോപിക്കുന്നു. സ്ഥാപന ഫണ്ടിംഗ് എന്ന വ്യാജേന 10 കോടി രൂപ നിക്ഷേപിച്ചതായും, അതിൽ വലിയൊരു ഭാഗം ഉദ്യോഗസ്ഥയും ബന്ധുക്കളും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു. ആരോപണവിധേയമായ സ്ഥാപനത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ ഈ തുക പ്രതിഫലിപ്പിച്ചിട്ടില്ലെന്നും പരാതിക്കാരൻ അവകാശപ്പെടുന്നു.