അംബാനിയുടെ പാരയോ, അദാനി കുഴിയെണ്ണും?

നീയോ മുന്നില്‍,അതോ ഞാനോ?അംബാനി, അദാനി തര്‍ക്കം തുടങ്ങിയിട്ട് കൊല്ലം കുറേ ആയി. എന്തായാലും അതിനൊരു തീരുമാനമായി.അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് പുതുതായി വായ്പ അനുവദിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി

author-image
Rajesh T L
New Update
am

നീയോ മുന്നില്‍, അതോ ഞാനോ? അംബാനി, അദാനി തര്‍ക്കം തുടങ്ങിയിട്ട് കൊല്ലം കുറേ ആയി. എന്തായാലും അതിനൊരു തീരുമാനമായി. അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് പുതുതായി വായ്പ അനുവദിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുമെന്നാണ് രാജ്യാന്തര ബാങ്കുകള്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

റോയ്ട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗൗതം അദാനി അടക്കമുള്ളവര്‍ക്കെതിരെ അമേരിക്കന്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്. വന്‍കിട പദ്ധതികളിലുള്ള മുതല്‍മുടക്കിനെ ഇതു പ്രതിസന്ധിയിലാക്കിയേക്കും.

കേസ് അമേരിക്കന്‍ കോടതിയിലായതിനാല്‍ കടുത്ത ശിക്ഷ ഉണ്ടായേക്കാം. കേസ് ശക്തമായി മുന്നോട്ടുനീങ്ങിയാല്‍ പ്രതികളെ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര പറയുന്നു. 

1997 ല്‍ ഇന്ത്യയും യുഎസും തമ്മില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരം പ്രതികളെ വിട്ടുനല്‍കേണ്ടി വരും. പക്ഷേ, അത്യപൂര്‍വം കേസുകളിലേ ഇതു സംഭവിക്കാറുള്ളൂവെന്നും ബത്ര പറഞ്ഞു. അതേസമയം, അദാനിക്കെതിരായ അഴിമതിയാരോപണങ്ങള്‍ ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കിയിട്ടുണ്ട്.

സൗരോര്‍ജ കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ട് ഇടപെട്ട് കൈക്കൂലി വാഗ്ദാനം ചെയ്തെന്നും ഇക്കാര്യം മറച്ചുവച്ച്,തെറ്റിദ്ധരിപ്പിച്ചാണ് കമ്പനി യുഎസ് നിക്ഷേപകരില്‍ നിന്ന് മൂലധനം സമാഹരിച്ചെന്നും കാട്ടിയാണ് അദാനിക്കെതിരെ യുഎസിലെ നികുതിവകുപ്പ് വഞ്ചന, അഴിമതി, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ ചാര്‍ത്തി കേസെടുത്തതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും.ഇതോടെ അദാനി ഗ്രൂപ്പ് യുഎസിലെ കടപ്പത്ര വില്‍പനയും കേസിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്.60 കോടി ഡോളര്‍ അതായത് ഏകദേശം 5,000 കോടി രൂപ സമാഹരിക്കാനുള്ള നീക്കമാണ് ഒറ്റയടിക്ക് തകര്‍ന്നത്.

എന്നാല്‍ യുഎസ് നികുതിവകുപ്പ് ചുമത്തിയ കേസ് അടിസ്ഥാനരഹിതമാണെന്നും തെളിവുസഹിതം സ്ഥിരീകരിക്കാത്തിടത്തോളം ആരോപണവിധേയര്‍ നിരപരാധിയാണെന്നും യുഎസിന്റെ നീക്കത്തിനെതിരെ നിയമവഴി തേടുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.പൂര്‍ണമായും നിയമങ്ങള്‍ അനുസരിച്ചും സുതാര്യമായുമാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും ഗ്രൂപ്പ് വ്യക്തമാക്കുന്നു. കേസെടുത്തുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ എസ് ആന്‍ഡ് പി, മൂഡീസ് തുടങ്ങിയ റേറ്റിങ് എജന്‍സികള്‍ അദാനി ഗ്രൂപ്പിന്റെ റേറ്റിങ് താഴ്ത്തിയെങ്കിലും ഓഹരികളുടെ വ്യാപാരത്തെ ഇത് ഉലച്ചിട്ടില്ല.

സംഭവത്തിനു പിന്നാലെ മറ്റൊരു തിരിച്ചടിയും അദാനി ഗ്രൂപ്പിന് ഉണ്ടായി. കെനിയയിലെ പ്രസിഡന്റ് വില്യം റൂട്ടോയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.കെനിയന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്,കെനിയന്‍ വൈദ്യുതി പ്രസരണ കമ്പനി എന്നിവയുമായി അദാനി ഗ്രൂപ്പ് ഏര്‍പ്പെട്ട ഉടമ്പടികള്‍ എല്ലാം റദ്ദാക്കിയതായാണ് കെനിയന്‍ പ്രസിഡന്റ് അറിയിച്ചത്.

Adani Enterprises gautham adani adani ambani income Mukesh Ambani overtakes Gautam Adani ambani