/kalakaumudi/media/media_files/2025/03/16/65wUBEawCagmP8cff3jQ.jpg)
ചണ്ഡീഗഡ്: അമൃത്സറിലെ ഖണ്ഡ്വാലയിലെ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ അറസ്റ്റില്‍. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ബന്ധമുള്ള കര്‍ണ, മുകേഷ്, സാജന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം തുടരുകയാണ്.
അമൃത്സര്‍ പൊലീസ് കമ്മീഷണര്‍ ഗുര്‍ദീപ് സിംഗ് ഭുള്ളാര്‍ ആണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ നിന്നായിരുന്നു ഇവരെ പിടികൂടിയത്. ബിഹാറില്‍ നിന്നും നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് പിടിയിലായത്. ക്ഷേത്രം ആക്രമിക്കാനുള്ള ആയുധങ്ങളും ഗ്രനേഡ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളും ഇവരാണ് എത്തിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി കര്‍ണയ്ക്കാണ് ഏറ്റവും അടുത്ത ബന്ധം എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭീകര സംഘടനയ്ക്ക് വേണ്ടി ഇയാള്‍ നിരവധി തവണ ആയുധങ്ങള്‍ കടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു ക്ഷേത്രത്തില്‍ സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ക്ഷേത്രത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനത്തില്‍ ആര്‍ക്കും ആളപായമില്ല.