/kalakaumudi/media/media_files/2025/11/09/parapana-2025-11-09-17-29-03.jpg)
ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ സുരക്ഷാ വീഴ്ച. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തടവുകാര്‍. ബെംഗളൂരുവിലെ അതീവ സുരക്ഷാ ജയിലുകളിലൊന്നായ പരപ്പന അഗ്രഹാര ജയിലില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയും തടവുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന്റെയും ആരോപണങ്ങള്‍ വീണ്ടും ശക്തമാവുകയാണ്.
ജയിലിനുള്ളില്‍ കുപ്രസിദ്ധരായ തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്.
വീഡിയോകളില്‍ കാണുന്നവരില്‍ ഐസിസ് ഭീകരസംഘടനയുടെ കുപ്രസിദ്ധ റിക്രൂട്ടറായ ജുഹാദ് ഹമീദ് ഷക്കീല്‍ മന്ന, സീരിയല്‍ ബലാത്സംഗക്കേസ് പ്രതിയും കൊലയാളിയുമായ ഉമേഷ് റെഡ്ഡി എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഉമേഷ് റെഡ്ഡി സെല്ലിനുള്ളില്‍ ടെലിവിഷന്‍ കാണുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഈ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സുരക്ഷാ ആശങ്കകള്‍ വര്‍ധിച്ചു. ഷക്കീല്‍ മന്ന ജയിലിന് പുറത്തുള്ള തന്റെ സഹായികളുമായി ബന്ധപ്പെട്ടിരുന്നു എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. വീഡിയോയുടെ ആധികാരികത പരിശോധിക്കുന്നതിനും ഉത്തരവാദികളെ കണ്ടെത്താനുമായി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.നിരവധി ഹൈ-റിസ്‌ക് തടവുകാരെ പാര്‍പ്പിച്ചിട്ടുള്ള പരപ്പന അഗ്രഹാര ജയിലിന് സുരക്ഷാ വീഴ്ചകളുടെ പേരില്‍ വിമര്‍ശനം നേരിടുന്നത് ഇത് ആദ്യമായല്ല. ഏതാനും മാസങ്ങള്‍ക്കുമുമ്പ്, കൊലക്കേസ് പ്രതിയായ 'ഗുബ്ബാച്ചി സീന' എന്നറിയപ്പെടുന്ന ശ്രീനിവാസ് ജയിലിനുള്ളില്‍ ജന്മദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് വലിയ വിവാദമായിരുന്നു.
കൂടാതെ, രേണുകാസ്വാമി കൊലക്കേസില്‍ തടവില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്‍ തോഗുദീപ് ജയിലിനുള്ളില്‍ വിഐപി പരിഗണന സ്വീകരിക്കുന്നതിന്റെ ഫോട്ടോയും നേരത്തെ പുറത്തുവന്നിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
