/kalakaumudi/media/media_files/2025/09/10/is-2025-09-10-15-18-09.jpg)
ന്യൂഡല്‍ഹി : ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ അറസ്റ്റില്‍. ബൊക്കാറോ ജില്ലയിലെ പെറ്റ്വാര്‍ സ്വദേശിയായ അഷര്‍ ഡാനിഷ് ആണ് പിടിയിലായത്. ഡല്‍ഹി സ്പെഷ്യല്‍ സെല്‍, ജാര്‍ഖണ്ഡ് എടിഎസ്, റാഞ്ചി പൊലീസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് റാഞ്ചിയില്‍ നിന്നും ഐസിസ് ഭീകരനെ പിടികൂടിയത്.
ഡല്‍ഹിയില്‍ ഇയാള്‍ക്കെതിരെ തീവ്രവാദ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി സ്പെഷ്യല്‍ സെല്‍ സംഘം വളരെക്കാലമായി അയാളെ തിരഞ്ഞു വരികയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് മറ്റൊരു ഐസിസ് ഭീകരനെന്ന് സംശയിക്കുന്ന അഫ്താബിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അഷര്‍ ഡാനിഷിനെ റാഞ്ചിയില്‍ നിന്നും പിടികൂടുന്നത്.
ഇന്ത്യ ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 12 ലധികം സ്ഥലങ്ങളില്‍ കേന്ദ്ര ഏജന്‍സികളും സ്‌പെഷ്യല്‍ സെല്ലുകളും റെയ്ഡുകളും തിരച്ചില്‍ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. സംശയിക്കപ്പെടുന്ന പത്തോളം പേരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു വന്നിരുന്നവരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.