കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ഇന്ത്യയുടെ ഭൂപടം; ഒടുവില്‍ തിരുത്തി  ഇസ്രയേല്‍

പടം നീക്കിയെന്നും എഡിറ്ററുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ വിശദീകരിച്ചു.ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭൂപ്രദേശമായി കാണിക്കുന്ന രീതിയിലുള്ള ഭൂപടമാണ് വെബ്‌സൈറ്റില്‍ ചേര്‍ത്തിരുന്നത്.

author-image
Vishnupriya
New Update
modi and benjamin

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ തെറ്റായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഭൂപടം ഇസ്രയേല്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കംചെയ്തു. ഇന്ത്യയില്‍നിന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് ഭൂപടം നീക്കിയത്. ഭൂപടം നീക്കിയെന്നും എഡിറ്ററുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ വിശദീകരിച്ചു.

ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭൂപ്രദേശമായി കാണിക്കുന്ന രീതിയിലുള്ള ഭൂപടമാണ് വെബ്‌സൈറ്റില്‍ ചേര്‍ത്തിരുന്നത്. സാമൂഹിക മാധ്യമമായ എക്‌സില്‍ ആണ് ഇതുസംബന്ധിച്ച ആദ്യ പ്രതികരണമുണ്ടായത്. 'ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുന്നു. പക്ഷേ, ഇസ്രയേല്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നുണ്ടോ? ഇസ്രയേലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഇന്ത്യയുടെ ഭൂപടം നോക്കൂ (ജമ്മു കശ്മീര്‍ ഭാഗം ശ്രദ്ധിക്കുക)' എന്നായിരുന്നു എക്‌സിലെ കുറിപ്പ്. സംഭവം വിവാദമായതോടെ ട്വീറ്റിന് പ്രതികരണവുമായി അംബാസഡര്‍ റൂവന്‍ അസര്‍ എത്തി. 'വെബ്‌സൈറ്റ് എഡിറ്ററുടെ പിഴവാണ്, ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി' എന്നായിരുന്നു റൂവന്റെ കമന്റ്.

പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം നിലനിൽക്കെയാണ് ഇന്ത്യയുടെ ഭൂപടം സംബന്ധിച്ച വിവാദം. കഴിഞ്ഞയാഴ്ച ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മേഖലയില്‍ കനത്ത അശാന്തി തുടരുകയാണ്. ഗാസയില്‍ മാസങ്ങളായി തുടരുന്ന ആക്രമണത്തിന് പിന്നാലെ ലെബനനിലേക്കും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ലെബനനില്‍ ഇതിനകംതന്നെ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ സിറിയയിലേക്ക് ഉള്‍പ്പെടെ പലായനം നടത്തുകയും ചെയ്തു.

jammu kashmir israel pakistan