/kalakaumudi/media/media_files/2025/10/01/ruvan-2025-10-01-09-10-28.jpg)
ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിന്റെ പുതിയ നിര്‍മാതാവാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റുവന്‍ അസര്‍. ഇസ്രയേലിലെ പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ഇന്ത്യയുടെ സഹായം വേണമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റുവന്‍ അസര്‍ പറഞ്ഞു.
''ഇന്ത്യ ലോകത്തിന്റെ പുതിയ നിര്‍മാതാക്കളാണ്. നിങ്ങള്‍ ഇന്ത്യയെ നിര്‍മിക്കുന്നതുപോലെ, ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങള്‍ നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയ്ക്ക് അത് ചെയ്യാന്‍ കഴിയും'' റുവന്‍ അസര്‍ പറഞ്ഞു. ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിച്ച് ഗാസയില്‍ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തിങ്കളാഴ്ച 20 ഇന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ സമാധാന പദ്ധതിയില്‍ ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങള്‍ക്ക് മേഖലയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനാകുമെന്ന നിര്‍ദേശമുണ്ട്.
ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിരുന്നു. പലസ്തീനിലെയും ഇസ്രയേലിലെയും ജനതയ്ക്കും പശ്ചിമേഷ്യന്‍ മേഖലയ്ക്ക് മൊത്തത്തിലും ദീര്‍ഘകാലവും സുസ്ഥിരവുമായ സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള പ്രായോഗികമായ ഒരു വഴിയാണ് പദ്ധതി എന്നായിരുന്നു മോദിയുടെ പ്രതികരണം. സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
