പരിക്കേറ്റ യുവാവിനെ ഇസ്രയേൽ സൈന്യം ജീപ്പിൽ വച്ചുക്കെട്ടി കൊണ്ടുപോകുന്നു
വെസ്റ്റ് ബാങ്ക്: സൈനിക ആക്രമണത്തിൽ പരിക്കേറ്റ പലസ്തീൻ പൗരനെ വാഹനത്തിന്റെ ബോണറ്റിൽ കെട്ടിവച്ച് ഇസ്രയേൽ സൈന്യം. ശനിയാഴ്ച രാവിലെ വെസ്റ്റ് ബാങ്ക് നഗരത്തിലെ വാദി ബര്‍ഖിന്‍ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക നടപടിക്കിടെയായിരുന്നു പലസ്തീന്‍ പൗരന് വെടിയേറ്റത്. മുജാഹദ് ആസ്മി എന്ന പൗരന് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാൻ കുടുംബം ആംബുലൻസ് ആവശ്യപ്പെട്ടതോടെയാണ് സൈന്യം യുവാവിനെ ജീപ്പിന് മുന്നിൽ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ച് പോയത്. ഇയാളെ പിന്നീട് റെഡ് ക്രെസന്റിന്റെ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സൈനികർക്ക് തെറ്റു പറ്റിയെന്ന് സമ്മതിച്ച് ഇസ്രയേൽ രംഗത്തെത്തി. സൈനികർ പ്രോട്ടോക്കോൾ ലംഘിച്ചതായും ഇസ്രയേൽ വിശദമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുമെന്നും ഇസ്രയേൽ സൈന്യം വിശദമാക്കി. എന്നാൽ തീവ്രവാദി ആക്രമണം ചെറുക്കാനായി വെടിവച്ചപ്പോഴാണ് ഇയാൾക്ക് പരിക്കേറ്റതെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് വിശദമാക്കുന്നത്. വെസ്റ്റ് ബാങ്കിൽ നടക്കുന്ന ആക്രമണത്തിൽ ഇതിനോടകം 480 പാലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായാണ് യുഎൻ റിപ്പോർട്ട്.