/kalakaumudi/media/media_files/2025/08/22/isro-2025-08-22-08-28-57.jpg)
ന്യൂഡല്‍ഹി : ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇരട്ടി ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയതായി ചെയര്‍മാന്‍ വി നാരായണന്‍. 2005 നും 2015 നും ഇടയില്‍ വിക്ഷേപിച്ച ദൗത്യങ്ങളുടെ ഇരട്ടി എണ്ണം 2015 നും 2025 നും ഇടയില്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചതായി അദ്ദേഹം വ്യക്തമാക്കി. അസാധാരണമായ പുരോഗതിയാണ് ഈ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഐഎസ്ആര്‍ഒക്ക് ഉണ്ടായിരിക്കുന്നത് എന്നും വി നാരായണന്‍ അഭിപ്രായപ്പെട്ടു.
''കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഐഎസ്ആര്‍ഒ മൂന്ന് പ്രധാന ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി. ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായതും ഏറെ അഭിമാനകരമായിരുന്നു. ഗഗന്‍യാന്‍ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിലെ ആദ്യത്തെ അണ്‍ക്രൂഡ് ദൗത്യമായ ജി1, പകുതി ഹ്യൂമനോയിഡ് റോബോട്ടായ വ്യോമിത്രയുമായി വിക്ഷേപിക്കാന്‍ തയ്യാറായി കഴിഞ്ഞു. ഡിസംബറില്‍ വിക്ഷേപണം പ്രതീക്ഷിക്കുന്നു ' എന്നും വി നാരായണന്‍ അറിയിച്ചു.
അടുത്ത 2-3 മാസത്തിനുള്ളില്‍ മറ്റൊരു നാസ-ഐഎസ്ആര്‍ഒ ദൗത്യം വിക്ഷേപിക്കുമെന്നും, ഇന്ത്യയുടെ വിക്ഷേപണ വാഹനം 6,500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. യുഎസ്എയുടെ ഏകദേശം 6,500 കിലോഗ്രാം ഭാരമുള്ള ആശയവിനിമയ ഉപഗ്രഹങ്ങള്‍ ആണ് ഇന്ത്യയുടെ വിക്ഷേപണ വാഹനങ്ങള്‍ ഉപയോഗിച്ച് വിക്ഷേപിക്കുന്നത്. ഇതുവരെ, 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങള്‍ ഇന്ത്യയില്‍ നിന്ന് വിക്ഷേപിച്ചു എന്നത് അഭിമാന നേട്ടമാണ് എന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ വ്യക്തമാക്കി.