/kalakaumudi/media/media_files/2025/11/01/isro-2025-11-01-16-37-16.jpg)
ശ്രീഹരിക്കോട്ട: നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എല്‍വിഎം3 എം5 വിക്ഷേപണം ഇന്ന്. വൈകീട്ട് 5.27ന് സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാല്‍ വിവരങ്ങള്‍ ഐഎസ്ആര്‍ഓ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയുള്ള നിര്‍ണായക വാര്‍ത്താവിനിമയ ഉപഗ്രഹം CMS 03യെയാണ് ഐഎസ്ആര്‍ഓയുടെ എറ്റവും കരുത്തേറിയ റോക്കറ്റില്‍ വിക്ഷേപിക്കുന്നത്.
സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് CMS 03. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാല്‍ ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, കൂടുതല്‍ വിശദാംശങ്ങളോ ഐഎസ്ആര്‍ഓ ഇക്കുറി പുറത്തുവിട്ടിട്ടില്ല. അമേരിക്കയും ചൈനയും സമാന നിലപാട് മുമ്പേ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഐഎസ്ആര്‍ഓ ഒരു വിക്ഷേപണം ഇത്രയും രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമായാണ്.
2025ലെ ഐഎസ്ആര്‍ഓയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എല്‍വിഎം3 എം5. വലിയ പ്രതീക്ഷകളോടെ തുടങ്ങിയ വര്‍ഷത്തില്‍ പിഎസ്എല്‍വി സി 61 ദൗത്യത്തിന്റെയും എന്‍വിഎസ് 02 ഉപഗ്രഹത്തിന്റെയും പരാജയവും വലിയ തിരിച്ചടിയായി. ഈ വര്‍ഷം അവസാനിക്കും മുന്പ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗഗന്‍യാന്‍ ആദ്യ ആളില്ലാ ദൗത്യവും വൈകുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
