ബാഹുബലി കുതിച്ചുയര്‍ന്നു; വന്‍ വിജയം

ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം കഴിഞ്ഞ് 842 ദിവസങ്ങള്‍ക്ക് ശേഷം ഒരു എല്‍വിഎം 3 ദൗത്യം. നീണ്ട ഇടവേളയ്ക്ക് ശേഷം ഐഎസ്ആര്‍ഒയുടെ വമ്പന്‍ റോക്കറ്റ് തിരിച്ചെത്തുന്നത് ഭാരിച്ച ഉത്തരവാദിത്വവുമായാണ്.

author-image
Biju
New Update
isro 2

ശ്രീഹരിക്കോട്ട: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുള്ള വിക്ഷേപണ വാഹനം എല്‍വിഎം 3 കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി നിര്‍മിത സിഎംഎസ് 03 ഉപഗ്രഹത്തെയാണ് എല്‍വിഎം 3 എം5 ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്. ്ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ദൗത്യം പൂര്‍ണ വിജയമെന്ന് ഐസ്‌ഐര്‍ഒ അറിയിച്ചു.

ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം കഴിഞ്ഞ് 842 ദിവസങ്ങള്‍ക്ക് ശേഷം ഒരു എല്‍വിഎം 3 ദൗത്യം. നീണ്ട ഇടവേളയ്ക്ക് ശേഷം ഐഎസ്ആര്‍ഒയുടെ വമ്പന്‍ റോക്കറ്റ് തിരിച്ചെത്തുന്നത് ഭാരിച്ച ഉത്തരവാദിത്വവുമായാണ്. നാവിക സേനയ്ക്ക് വേണ്ടി മാത്രം നിര്‍മിച്ച വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ് 03യുടെ ഭാരം 4410 കിലോഗ്രാം. ഇന്ത്യയില്‍ നിന്ന് ജിയോസിക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് വിക്ഷേപിക്കുന്ന എറ്റവും ഭാരമേറിയ ഉപഗ്രഹം. സമുദ്ര നിരപ്പില്‍ നിന്ന് 36000 കിലോമീറ്റര്‍ ഉയരത്തിലാണ് ജിടിഒ.

പക്ഷേ ഇത്രയും ഭാരമേറിയ ഒരുപഗ്രഹത്തെ നേരിട്ട് അവിടെയെത്തിക്കാന്‍ എല്‍വിഎം 3യ്ക്ക് കഴിയില്ല എന്നതാണ് സത്യം. അതുകൊണ്ട് ഏകദേശം മുപത്തിനായിരം കിലോമീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹത്തെ വേര്‍പ്പെടുത്തിയ ശേഷം ഉപഗ്രഹത്തിലെ തന്നെ ത്രസ്റ്ററുകള്‍ ഉപയോഗിച്ച് ഭ്രമണപഥം ഉയര്‍ത്താനാണ് ഇസ്രൊ തീരുമാനിച്ചിരിക്കുന്നത്.

എല്‍വിഎം 3 യുടെ കെല്‍പ്പ് കൂട്ടാനുള്ള കൂടുതല്‍ കരുത്തേറിയ സി 32 ക്രയോജനിക് ഘട്ടത്തിന്റെയും ദ്രവ ഇന്ധനമുപയോഗിക്കുന്ന എല്‍ 110 സ്റ്റേജിന് പകരമുള്ള സെമി ക്രയോജനിക് സ്റ്റേജിന്റെയും വികസനം പുരോഗമിക്കുകയാണ്. സി 32 ആദ്യ ഗഗന്‍യാന്‍ ആളില്ലാ ദൗത്യത്തില്‍ പറക്കുമെന്നാണ് പ്രഖ്യാപനം.

സെമി ക്രയോ എഞ്ചിന്‍ തയ്യാറാകാന്‍ കുറച്ച് കൂടി കാത്തിരിക്കണം. ഈ ദൗത്യം മുതല്‍ രാജ്യസുരക്ഷാ ഉപഗ്രഹങ്ങളെ കൂടുതല്‍ രഹസ്യസ്വഭാവത്തോടെ വിക്ഷേപിക്കുന്ന രീതിക്ക് ഇസ്രൊ തുടക്കമിടുകയാണ്. ജി സാറ്റ് 7 ആര്‍ ഉപഗ്രഹമാണ് പുതിയ പേരിടല്‍ രീതിയില്‍ സിഎംഎസ് 03 ആയതെങ്കിലും ഉപഗ്രഹത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലോഞ്ച് ബ്രോഷറില്‍ സാങ്കേതിക വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. അമേരിക്കയും ചൈനയും സമാന നിലപാട് മുന്‍പേ സ്വീകരിച്ചതാണെങ്കിലും ഐഎസ്ആര്‍ഒ

ഒരു വിക്ഷേപണം ഇത്രയും രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമായാണ്. വരാനിരിക്കുന്ന തന്ത്രപ്രധാന ദൗത്യങ്ങളില്‍ ഇതൊരു കീഴ്വഴക്കമായി മാറും. 2025ലെ ഐഎസ്ആര്‍ഒയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എല്‍വിഎം3 എം5. വലിയ പ്രതീക്ഷകളോടെ തുടങ്ങിയ വര്‍ഷത്തില്‍ പിഎസ്എല്‍വി സി 61 ദൗത്യത്തിന്റെയും എന്‍വിഎസ് 02 ഉപഗ്രഹത്തിന്റെയും പരാജയവും ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിക്ക് വലിയ തിരിച്ചടിയായിരുന്നു. പ്രശ്‌ന കാരണങ്ങളെല്ലാം കണ്ടെത്തുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവന്നാണ് ഇസ്രൊ വൃത്തങ്ങള്‍ പറയുന്നത്. ഈ വര്‍ഷം അവസാനിക്കും മുന്‍പ് ഒരു പിഎസ്എല്‍വി ദൗത്യം കൂടി നടക്കുമെന്നാണ് സൂചന. എന്നാല്‍ 2025 അവസാനിക്കും മുന്‍പ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗഗന്‍യാന്‍ ആദ്യ ആളില്ലാ ദൗത്യത്തിനായി 2026 വരെ കാത്തിരിക്കണം.

isro