സ്‌പേഡെക്‌സ് ദൗത്യം ഇനിയും വൈകിയേക്കും

പരസ്പര അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചു കൊണ്ടുവരുന്നതിനിടെയാണ് സാങ്കേതിക പ്രശ്‌നമുണ്ടായതും ദൗത്യം മാറ്റിവയ്‌ക്കേണ്ടി വന്നതും

author-image
Punnya
New Update
spadex---12...

ദില്ലി: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേര്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യം വൈകും. ഉപഗ്രഹങ്ങളെ ഇന്ന് ഉച്ചയോടെ 1.5 കിലോമീറ്റര്‍ പരസ്പര അകലത്തില്‍ എത്തിച്ചു. നാളെ രാവിലെ വരെ ഉപഗ്രഹങ്ങള്‍ ഈ അവസ്ഥയില്‍ തുടരും. നാളെ രാവിലെ അകലം 500 മീറ്ററിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. ഇന്നലെയായിരുന്നു ദൗത്യം നടപ്പിലാക്കാനിരുന്നത്. എന്നാല്‍ രാത്രി പരസ്പര അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെയാണ് സാങ്കേതിക പ്രശ്‌നമുണ്ടായതും ദൗത്യം മാറ്റിവയ്‌ക്കേണ്ടി വന്നതും. തുടര്‍ന്ന് പരസ്പരം 6.8 കിലോമീറ്റര്‍ വരെ അകലത്തിലേക്ക് മാറ്റിയ ഉപഗ്രഹങ്ങളെ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വീണ്ടും അടുപ്പിച്ച് തുടങ്ങിയത്. രണ്ട് വട്ടം ദൗത്യം മാറ്റിവയ്‌ക്കേണ്ടി വന്നതിനാല്‍ കൂടുതല്‍ കരുതലോടെയാണ് മൂന്നാം പരിശ്രമം. ഉപഗ്രഹങ്ങള്‍ പരസ്പരം അടുക്കുന്നത് നിശ്ചയിച്ചതിലും വേഗത്തിലായതോടെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് താഴ്ത്തുന്നതിനിടെ കഴിഞ്ഞ ദിവസം സാങ്കേതിക പ്രശ്‌നമുണ്ടായത്. പേടകത്തിന്റെ വേഗവും ചലനവും നിയന്ത്രിക്കുന്ന ത്രസ്റ്ററുകള്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സ്വയം പ്രവര്‍ത്തനം നിര്‍ത്തിയതായാണ് സൂചന. ഐഎസ്ആര്‍ഒയുടെ കന്നി സ്‌പേസ് ഡോക്കിംഗ് പരീക്ഷണമാണിത്. ഐ.എസ്.ആര്‍.ഒ.യുടെ ബെംഗളൂരു പീനിയയിലെ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കില്‍ (ഇസ്ട്രാക്ക്) നിന്നാണ് ശാസ്ത്രജ്ഞര്‍ പേടകങ്ങളെ നിയന്ത്രിക്കുന്നത്. പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഡിസംബര്‍ 30-നാണ് സ്പെയ്‌ഡെക്സ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ ഐ.എസ്.ആര്‍.ഒ.യുടെ ധ്രുവീയ വിക്ഷേപണ വാഹനം (പി.എസ്.എല്‍.വി.-സി 60) ഭ്രമണപഥത്തിലെത്തിച്ചത്.

delay spadex mission isro