ഡോക്കിംഗ് സാങ്കേതികവിദ്യ വിജയം

യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായിരുന്ന വിദ്യയാണ് ഇന്ത്യ കൈവരിച്ചത്

author-image
Punnya
New Update
spad----1

തിരുവനന്തപുരം: ശൂന്യാകാശത്ത് 2 പേടകങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒന്നാക്കുന്ന ഡോക്കിംഗ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച്  ഇന്ത്യ സ്പേസ് ക്ലബ്ബില്‍ മുന്‍നിര ഇരിപ്പിടം നേടി. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായിരുന്ന വിദ്യയാണ് ഇന്ത്യ ഇന്ന് രാവിലെ കൈവരിച്ചത്. ഇതോടെ, ജയ് ഹോ ഐഐഎസ്ആര്‍ഒ ടാഗ് ലൈന്‍  സമൂഹമാധ്യമങ്ങളില്‍ പ്രകമ്പനം കൊള്ളിച്ചു. 1980ല്‍ എസ്. എല്‍. വി വിക്ഷേപണത്തിലൂടെ സ്പേസ് ക്ലബ്ബില്‍ ആറാമത്തെ അംഗമായ ഇന്ത്യന്‍ ഡോക്കിംഗ് വിദ്യ കൂടി കൈവരിച്ചതോടെ ക്ലബ്ബിലെ ഇരിപ്പിടത്തില്‍ മുന്‍നിര സ്ഥാനക്കയറ്റമാണ് കൈവരിച്ചത്. സ്വന്തമായി ഉപഗ്രഹ വിക്ഷേപണ ശേഷിയുള്ള റഷ്യ, യു.എസ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങും യൂറോപ്യന്‍ യൂണിയനുമാണ് സ്‌പേസ് ക്ലബ്ബിലെ മറ്റ് അംഗങ്ങള്‍. ഡിസംബര്‍ 30ന് ഇന്ത്യ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളെ പതിനാറാം ദിനം കൂട്ടി യോജിപ്പിക്കാനായത് 60 വര്‍ഷം  പിന്നിടുന്ന ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ അവിസ്മരണീയ ദിനമായി. 2008ല്‍ ആദ്യ ശ്രമത്തില്‍ ചന്ദ്രനില്‍ പേടകമിറക്കിയതിനും 2023 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യ പേടകമിറക്കിയതിനും പിന്നാലെ ഇന്ത്യ നേടുന്ന ഈ വിജയം രാജ്യത്തിന്റെ കീര്‍ത്തി അന്താരാഷ്ട്രതലത്തില്‍ വല്ലാതെ ഉയര്‍ത്തി. വിക്ഷേപണശേഷം മൂന്നുതവണ ഡോക്കിങ്ങിന് ശ്രമിച്ചെങ്കിലും ഇന്നലെ രാവിലെയാണ് ദൗത്യം കൃത്യമായി നടപ്പായത്. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിക്ക് 375 കിലോമീറ്റര്‍ ഉയരത്തില്‍ ഒരേ പാതയില്‍ പായുന്ന രണ്ട് പേടകങ്ങളെ സെക്കന്‍ഡില്‍ മൂന്നു മീറ്റര്‍ വേഗത്തിലേക്ക് ചുരുക്കി കൂട്ടിയിണക്കുന്നതായിരുന്നു ഏറ്റവും കഠിനശ്രമം. ആദ്യമായി വേഗം സെക്കന്‍ഡില്‍ 5 കിലോമീറ്ററിലേക്ക് കുറച്ച ഒന്നര കിലോമീറ്റര്‍, 500 മീറ്റര്‍, 225 മീറ്റര്‍, 15 മീറ്റര്‍ ക്രമത്തിലേക്ക് താഴ്ത്തിയ ശേഷമായിരുന്നു ആലിംഗനത്തിനുള്ള  വേള മുഹൂര്‍ത്തം ഒരുക്കിയത്. ആദ്യ മൂന്നുശ്രമങ്ങളും ഫലം കാണാതെ വന്നതോടെ നാലാം ദൗത്യം അത്ര പബ്ലിസിറ്റി ഒന്നും നല്‍കാതെയാണ് നടത്തിയത്. ഇതിനിടെ ഐഎസ്ആര്‍ഒയ്ക്ക് പുതിയ ചെയര്‍മാനും എത്തി. ആദ്യം മൂന്ന് ദൗത്യവും ഡോ.എസ് സോമനാഥ് ചെയര്‍മാന്‍ ആയി ഇരിക്കെയാണ് നടന്നതെങ്കില്‍ നാലാം ദൗത്യം പുതിയ ചെയര്‍മാന്‍ ഡോ.വി. നാരായണന്റെ നേതൃത്വത്തിലായി. ബുധനാഴ്ച നാരായണന്‍ ബാംഗ്ലൂരില്‍ ചുമതലയേറ്റ്  നേരം പുലരും മുമ്പേ  ഡോക്കിംഗ് വിജയം കൈവരിച്ചത് അദ്ദേഹത്തിന് അഭിമാന നിമിഷം കൂടിയായി. ഈ വിജയം ഐഎസ്ആര്‍ഒ ടീമിന്റേതാണെന്നും രാജ്യത്തിന് സമര്‍പ്പിക്കുന്നതായും ഡോ.നാരായണന്‍ കലാകൗമുദിയോട് പറഞ്ഞു. അറുപതോളം കൊല്ലം മുമ്പ് അമേരിക്കയും റഷ്യയും കൈവരിച്ച ഡോക്കിംഗ് സാങ്കേതികവിദ്യ ഇന്ത്യ ഇപ്പോള്‍ നേടിയതില്‍ എന്താണ് നേട്ടമെന്ന ചോദ്യത്തിന്, റഷ്യ 1957ല്‍ ലോകത്തെ ആദ്യ ഉപഗ്രഹം വിക്ഷേപിക്കുകയും 1961ല്‍ ഗഗാറിനെ ശൂന്യാകാശത്ത്  അയയ്ക്കുകയും ചെയ്തപ്പോള്‍ ഇന്ത്യ  തുമ്പയില്‍  ബഹിരാകാശ ഗവേഷണം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.  1969ല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ സ്വന്തമായി നിര്‍മിച്ച സൗണ്ടിങ്ങ്  റോക്കറ്റ് തുമ്പയില്‍ നിന്നും കുതിച്ചുയര്‍ന്നതേയുള്ളൂ. വളരെ പിന്നിലായിരുന്ന ഇന്ത്യ അതിവേഗം മുന്നിലെത്തി നാസ അടക്കം ലോക ബഹിരാകാശ ഏജന്‍സികളുടെ പ്രശംസ നേടിയ കാര്യം ഡോ.നാരായണന്‍ ഓര്‍മ്മിപ്പിച്ചു. 2035ല്‍ ഇന്ത്യയുടെ സ്പേസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനും 2004 ചന്ദ്രനില്‍ നിന്നും മണ്ണുമാന്തി മടങ്ങിവരാനുള്ള നാലാം ചന്ദ്രയാന്‍ പേടകത്തിനും ഡോക്കിംഗ് സാങ്കേതികവിദ്യ കൂടിയേതീരൂ എന്നതാണ് ഇന്നത്തെ പരീക്ഷണ വിജയത്തിന്റെ ചരിത്ര പ്രാധാന്യം.

success spadex mission