/kalakaumudi/media/media_files/z0wJ9cx0BHMyjwkJeoe2.jpg)
ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേലിയെ എത്തിച്ചതിന് ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം നടന്നിരുന്നു. കാർവാർ എസ്.പി മനാഫിന്റെ മുഖത്തടിച്ചെന്നും പിടിച്ചുതള്ളിയെന്നും പരാതിയുണ്ട്. രാജ്യത്ത് നടന്ന ദുരിത മുഖങ്ങളിൽ ജീവൻ പണയംവച്ച് എത്തുന്ന രക്ഷാപ്രവർത്തകനാണ് രഞ്ജിത്ത് ഇസ്രയേൽ.
തിരുവനന്തപുരം വിതുര ഗോകിൽ എസ്‌റ്റേറ്റിൽ ജോർജ് ജോസഫ് ഐവ ജോർജ് ദമ്പതികളുടെ മകനാണ് 33കാരനായ രഞ്ജിത്ത്. രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവർത്തകനായി ദ്രുതകർമ്മ സേനയ്ക്കൊപ്പം രഞ്ജിത്ത് ഉണ്ടാകാറുണ്ട്. ദുരന്തഭൂമിയിൽ രക്ഷാദൗത്യവുമായി ആദ്യമെത്തുന്ന സിവിലിയനാണ് ഇദ്ദേഹം.
2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്‌ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, 2021ൽ ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തത്തിലും, കഴിഞ്ഞ വർഷം നവംബറിൽ ഉത്തരാഖണ്ഡിലെ ചാർധാം തീർഥാടന പാതയിലെ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിലും മലയാളിയായ രഞ്ജിത്ത് ഇസ്രായേൽ പങ്കാളിയായിരുന്നു. പ്രതിഫലം ഒന്നുമില്ലാത്തയാണ് അദ്ദേഹത്തിന്റെ സേവനം.
മൂന്നു തവണ ജൂനിയർ മിസ്റ്റർ തിരുവനന്തപുരം ആയിരുന്നു രഞ്ജിത്ത്. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനവും നേടിയിട്ടുണ്ട്.