/kalakaumudi/media/media_files/2025/09/10/dhankar-2025-09-10-22-22-52.jpg)
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന് എതിരെ ഇംപീച്ച്‌മെന്റിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നതായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി. ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറിയതിനാലാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നത്.
ഏതോ വിഷയത്തില്‍ സര്‍ക്കാരുമായി അഭിപ്രായ വ്യാത്യസമുണ്ടായി. ഭരണകക്ഷിക്ക് അദ്ദേഹത്തോട് സ്ഥാനം ഒഴിയാനും രാജിവയ്ക്കണമെന്ന് പറയാനും അവകാശമുണ്ടെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആണ് ഗുരുമൂര്‍ത്തിയുടെ വെളിപ്പെടുത്തല്‍.
ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡല്‍ഹിയിലെ വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്മെന്റ് നടപടിയില്‍ കേന്ദ്ര സര്‍ക്കാരും ജഗ്ദീപ് ധന്‍കറും രണ്ട് ധ്രുവങ്ങളിലായതാണ് രാജിയിലേയ്ക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അനാരോഗ്യമെന്ന് വിശദീകരിച്ചാണ് ജഗ്ദീപ് ധന്‍കര്‍ രാജി നല്‍കിയത്. ഉപരാഷ്ട്രപതി പദം ഒഴിഞ്ഞ ശേഷം പരസ്യപ്രസ്താവകള്‍ ഒന്നും അദ്ദേഹം നടത്തിയിരുന്നില്ല. എന്നാല്‍ ഉപരാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട സി.പി. രാധാകൃഷ്ണനെ അഭിനന്ദിച്ച് അദ്ദേഹം ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു.