/kalakaumudi/media/media_files/2025/09/01/jagdeep-2025-09-01-20-42-08.jpg)
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിനു ശേഷം പൊതുരംഗത്തുനിന്നു വിട്ടുനില്‍ക്കുന്ന ജഗദീപ് ധന്‍കര്‍ (74) ഔദ്യോഗിക വസതിയില്‍നിന്നു താമസം മാറ്റി. അദ്ദേഹം ഡല്‍ഹിയിലെ സ്വകാര്യ ഫാംഹൗസിലേക്കു താമസം മാറിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂലൈ 21 നാണ് ജഗദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്. അതിനുശേഷം പൊതുരംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ ഈ നടപടി നിരവധി ഊഹാപോഹങ്ങള്‍ക്കും രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.
രാജിവച്ചതിനു ശേഷം ധന്‍കര്‍, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ടേബിള്‍ ടെന്നീസ് കളിക്കുകയും യോഗ പരിശീലിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തെക്കന്‍ ഡല്‍ഹിയിലെ ഛത്തര്‍പുരിലെ ഗദായ്പുരിലുള്ള ഫാംഹൗസ് ഹരിയാനയിലെ പ്രമുഖ ജാട്ട് നേതാവും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) നേതാവുമായ അഭയ് ചൗട്ടാലയുടേതാണ്. മുന്‍ ഉപരാഷ്ട്രപതിയെന്ന നിലയില്‍ ഔദ്യോഗിക വസതി ലഭിക്കുന്നതുവരെ ധന്‍കര്‍ ഇവിടെ താമസിക്കും.
21ന് വൈകിട്ടുവരെ രാജ്യസഭയിലെ അധ്യക്ഷക്കസേരയില്‍ സജീവമായിരുന്ന ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാത്രി 9.25ന് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണു രാജിയെന്ന് രാഷ്ട്രപതിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന സൂചനകളും പുറത്തുവന്നിരുന്നു.
ബംഗാള്‍ ഗവര്‍ണറായിരിക്കെ 2022 ല്‍ ഉപരാഷ്ട്രപതിയായ ധന്‍കര്‍, പദവിയില്‍ രണ്ടുവര്‍ഷം ബാക്കിനില്‍ക്കെയാണു രാജിവച്ചത്. മാര്‍ച്ചില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് ധന്‍കര്‍ ഡല്‍ഹി എയിംസില്‍ ഏതാനും ദിവസം ചികിത്സയിലായിരുന്നു.
തങ്ങളുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന ധന്‍കറിനെ അധ്യക്ഷ പദവിയില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ കത്തു നല്‍കുന്ന അസാധാരണ നീക്കത്തിനും നേരത്തേ രാജ്യസഭ സാക്ഷിയായിരുന്നു. ബിജെപിക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കുന്നുവെന്നും ഏകപക്ഷീയമായി പെരുമാറുന്നുവെന്നും തങ്ങള്‍ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.