/kalakaumudi/media/media_files/2025/07/24/jaj-2025-07-24-14-41-26.jpg)
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള രാജിക്കു പിന്നാലെ കഴിഞ്ഞ ഒരു വര്‍ഷമായി ജഗ്ദീപ് ധന്‍കറും കേന്ദ്ര സര്‍ക്കാരും തമ്മില്‍ സ്വരചേര്‍ച്ചയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന സൂചനകള്‍ പുറത്ത്. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്മെന്റ് നടപടിയില്‍ സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കാന്‍ ധന്‍കര്‍ വിസമ്മതിച്ചിരുന്നുവെന്നും ഇതാണ് ധൃതിപിടിച്ചുള്ള രാജിക്കു പിന്നിലെന്നുമാണ് റിപ്പോര്‍ട്ട്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രമന്ത്രിമാര്‍ ധന്‍കറുമായി പലതവണ കൂടിക്കാഴ്ച നടത്തിയെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ പ്രതിപക്ഷ പിന്തുണയുള്ള പ്രമേയവുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിങ്കളാഴ്ച രാവിലെ രാജ്യസഭയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കൂടുതല്‍ സമയം ധന്‍കര്‍ അനുവദിച്ചിരുന്നു. ഇതും ബിജെപി നേതൃത്വത്തിന്റെ നീരസത്തിനു കാരണമായെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന മന്ത്രിമാരായ അര്‍ജുന്‍ റാം മേഘ്വാള്‍, കിരണ്‍ റിജിജു, ജെ.പി.നഡ്ഡ എന്നിവര്‍ സമ്മേളനത്തിന് മുന്‍പ് മൂന്നു തവണയായി ധന്‍കറിനെ കണ്ടിരുന്നു.
ജസ്റ്റിസ് വര്‍മയ്ക്കെതിരായ പ്രമേയത്തില്‍ ഭരണകക്ഷി എംപിമാരെ ഉള്‍പ്പെടുത്തണമെന്നും സമവായത്തിന് സമയം അനുവദിക്കണമെന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും ധന്‍കര്‍ ഇതിനു വഴങ്ങിയില്ല. പിന്നാലെ പ്രതിപക്ഷം നല്‍കിയ പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു.
ഇതോടെയാണ് ധന്‍കറിനെതിരായ നീക്കം ബിജെപി നേതൃത്വം ആരംഭിച്ചത്. യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടി ലോക്‌സഭയില്‍ ഭരണപക്ഷം വഴി അവതരിപ്പിക്കാനായിരുന്നു ബിജെപിയുടെ നീക്കം. ഇതിനെ ധന്‍കര്‍ മറികടന്നത് നേതൃത്വത്തെ ചൊടിപ്പിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീരസം കേന്ദ്രമന്ത്രിമാര്‍ വഴി ധന്‍കറിനെ അറിയിച്ചിരുന്നു. എന്നാല്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ധന്‍കര്‍ മറുപടി നല്‍കിയതായാണ് സൂചന. ഇതോടെയാണ് തിങ്കളാഴ്ച വൈകുന്നേരം നടന്ന രണ്ടാമത്തെ ബിഎസി യോഗത്തിന് ബിജെപി നേതാക്കള്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത്.