/kalakaumudi/media/media_files/2025/09/27/jaishankarr-2025-09-27-11-05-53.jpg)
ചെന്നൈ: പാക്കിസ്ഥാനെ മോശം അയല്‍ക്കാരന്‍ എന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഭീകരതയ്‌ക്കെതിരെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളോടു സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ തങ്ങളുടെ സുരക്ഷയും ദേശീയ താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജയശങ്കര്‍ പറഞ്ഞു.
''കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരതയെ പ്രതിരോധിക്കാനും, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലെയും പാക്കിസ്ഥാന്‍ അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിടാനും ഇന്ത്യയ്ക്കു സാധിച്ചു. നിങ്ങള്‍ക്കും മോശം അയല്‍ക്കാരുണ്ടാകാം. നിര്‍ഭാഗ്യവശാല്‍ നമുക്കും ഉണ്ട്. മോശം അയല്‍ക്കാരുള്ളപ്പോള്‍, ആ രാജ്യം മനഃപൂര്‍വമായി, സ്ഥരമായി, പശ്ചാത്താപമില്ലാതെ ഭീകരവാദം തുടരുമ്പോള്‍, അതിനെതിരെ പ്രതിരോധിക്കാനുള്ള എല്ലാവിധ അവകാശങ്ങളും നമുക്കുണ്ട്. ആ അവകാശം നമ്മള്‍ വിനിയോഗിക്കും'', ജയശങ്കര്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ നിര്‍ത്തിവച്ച 1960-ലെ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടിയെക്കുറിച്ചും ജയശങ്കര്‍ സംസാരിച്ചു. ''വര്‍ഷങ്ങള്‍ക്കുമുന്‍പ് ജലംപങ്കിടല്‍ കരാറില്‍ ഞങ്ങള്‍ പങ്കാളികളായിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളായി ഭീകരവാദം തുടരുന്നതിനാല്‍, നല്ല അയല്‍പക്ക ബന്ധം നിലനിന്നിരുന്നില്ല. അയല്‍പക്ക ബന്ധം ഇല്ലെങ്കില്‍ അതിന്റെ ഗുണങ്ങളും ലഭിക്കില്ല. അതേസമയം, ഇന്ത്യ വിവിധ തരത്തിലുള്ള നിരവധി അയല്‍ക്കാരാല്‍ സമ്പന്നരാണെന്ന് അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
